KeralaTop News

‘ഒരു കാര്യം ഓർത്തോളു മലപ്പട്ടത്ത് ഗാന്ധി സ്തൂപം ഉയർന്നിരിക്കും’; CPIM നേതാവിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

Spread the love

കണ്ണൂർ മലപ്പട്ടത്ത് ഗാന്ധി സ്തൂപം ഉണ്ടാക്കാൻ മിനക്കെടേണ്ടെന്ന സിപിഐഎം നേതാവ് പി.വി ഗോപിനാഥിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഗാന്ധി സ്തൂപം ഉണ്ടാക്കാൻ മിനക്കെടണ്ട എന്ന് പറയുന്നത് ബിജെപി നേതാവല്ല ആർഎസ്എസിന്‍റെ തന്നെ മറ്റൊരു രൂപമായ സിപിഐഎമ്മിന്‍റെ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ ആണെന്നും രാഹുൽ മാങ്കൂട്ടത്തിൽ വിമർശിച്ചു. ഒരു കാര്യം ഓർത്തോളു അവിടെ ഗാന്ധിസ്തൂപം ഉയർന്നിരിക്കും എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കണ്ണൂരിൽ പ്രകോപന പ്രസംഗവുമായി സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വി ഗോപിനാഥ് ഇന്നലെ രംഗത്തെത്തിയിരുന്നു. മലപ്പട്ടത്തെ യൂത്ത് കോൺഗ്രസ് നേതാവ് സനീഷ് പി.ആറിനെതിരെയാണ് പ്രകോപനം. സനീഷിനെ നിലക്ക് നിർത്താൻ ബാലസംഘം മതി. ഗാന്ധി സ്തൂപം ഉണ്ടാക്കാൻ സനീഷ് മെനക്കെടേണ്ട. സനീഷിന്‍റെ വീടിന്‍റെ അടുക്കളയിൽ പോലും ഗാന്ധി സ്തൂപം ഉണ്ടാക്കാൻ അനുവദിക്കില്ലെന്നും ഗോപിനാഥ് പറഞ്ഞു. ഇന്നലെ മലപ്പട്ടത്ത് നടന്ന സിപിഐഎം യോഗത്തിലാണ് പ്രസംഗം.

മലപ്പട്ടം അഡുവാപ്പുറത്ത് കഴിഞ്ഞയാഴ്ച തകർക്കപ്പെട്ട കോൺഗ്രസിന്‍റെ ഗാന്ധിസ്തൂപം പുനർനിർമാണത്തിനിടെയാണ് കഴിഞ്ഞ ദിവസം വീണ്ടും തകർക്കപ്പെട്ടത്. ബുധനാഴ്ച വൈകീട്ട് മലപ്പട്ടത്ത് കോൺഗ്രസ് -സിപിഐഎം സംഘർഷമുണ്ടായിരുന്നു.