കളി കഴിഞ്ഞിട്ടും തീരാത്ത തര്‍ക്കം; ഒടുവില്‍ ലയണല്‍ മെസിക്ക് നേരെ കാര്‍ഡ് എടുത്ത് റഫറി
മത്സരം തീര്‍ന്നിട്ടും റഫറിയെ വിടാതെ തര്‍ക്കിച്ചതിന് ഒടുവില്‍ മഞ്ഞക്കാര്‍ഡ് വാങ്ങി ലയണല്‍ മെസി. മേജര്‍ ലീഗ് സോക്കറില്‍ ബേ ഏരിയയിലെ തന്റെ ആദ്യ മത്സരത്തില്‍ മെസ്സി ഗോള്‍ നേടാതെ തന്നെ ശ്രദ്ധാകേന്ദ്രമായി എന്നാണ് സോക്കര്‍ലോകത്തെ ചര്‍ച്ച. ബുധനാഴ്ച രാത്രി സാന്‍ജോസ് എര്‍ത്ത്ക്വയ്ക്‌സിനെതിരായ ഇന്റര്‍ മിയാമിയുടെ മത്സരത്തിന് അവസാനമായിരുന്നു നാടകീയ രംഗങ്ങള്‍. മത്സരം 3-3 സമനിലയില്‍ അവസാനിച്ചെങ്കിലും അവസാന നിമിഷത്തില്‍ റഫറി തങ്ങള്‍ക്ക് അനുകൂലമായി ഫൗള്‍ വിധിച്ചില്ലെന്നായിരുന്നു മെസിയുടെ വാദം. റഫറി ജോ ഡിക്കേഴ്‌സണ് നേരെ ദേഷ്യപ്പെട്ട് സംസാരിക്കുന്ന മെസിയുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ഇന്‍ജുറി ടൈമിന്റെ അവാസനത്തില്‍ മെസിയുടെ നേതൃത്വത്തില്‍ സാന്‍ജോസ് എര്‍ത്ത്ക്വയ്ക്‌സിന്റെ ഗോള്‍മുഖത്തേക്ക് അതിവേഗത്തിലുള്ള നീക്കത്തിനൊടുവില്‍ മൈതാനത്ത് വീഴുന്ന മെസിയെയാണ് കാണുന്നത്. വലതുവശത്ത് നിന്ന് പ്രതിരോധ നിരയെ വെട്ടിച്ച് പിച്ചിന്റെ മധ്യഭാഗത്തേക്ക് നീങ്ങി പോസ്റ്റിലേക്ക് ഒരു ഷോട്ട് എടുക്കാനോ അതോ സഹതാരം ടാഡിയോ അലന്‍ഡെയെ ഹാട്രിക് നേടാനായി പാസ് നല്‍കാനോ ഉദ്ദേശിച്ചുള്ളതായിരുന്നു മെസിയുടെ നീക്കം. എന്നാല്‍ എര്‍ത്ത്ക്വയ്ക്‌സ് സെന്റര്‍ബാക്ക് ഡാനിയേല്‍ മുനി മെസ്സിയെ ബോക്‌സിന് പുറത്ത് വീഴ്ത്തുന്നത് വീഡിയോയില്‍ കാണാം. ഇതോടെ മെസ്സി ഫൗളിന് അപ്പീല്‍ ചെയ്‌തെങ്കിലും റഫറി ജോ ഡിക്കേഴ്‌സണ്‍ വിസില്‍ മുഴക്കാതെ കളി തുടരാന്‍ നിര്‍ദ്ദേശിച്ചു. പിന്നാലെ അവസാന വിസിലും വന്നു.
ഇതോടെയാണ് മെസി ക്ഷുഭിതനായി റഫറിക്ക് നേരെ വന്നത്. ദേഷ്യത്തോടെ തര്‍ക്കിച്ചു കൊണ്ടിരിക്കുന്ന താരത്തെ സഹതാരങ്ങളും ഒഫീഷ്യല്‍സും ശാന്തനാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും കേള്‍ക്കാതെ തര്‍ക്കം തുടര്‍ന്നതോടെയാണ് റഫറി കാര്‍ഡ് എടുത്ത് നല്‍കിയത്. കാര്‍ഡ് ലഭിച്ചിട്ടും പിന്‍മാറാതെ നിന്ന് മെസിയെ വളരെ പണിപ്പെട്ടാണ് ഒപ്പമുണ്ടായിരുന്നവര്‍ പിന്തിരിപ്പിച്ചത്. മെസി രണ്ടാം മഞ്ഞക്കാര്‍ഡ് കൂടി ആഗ്രഹിക്കുന്നുണ്ടോ എന്നായിരുന്നു കമന്റേറ്റര്‍മാരുടെ ചോദ്യം.