Top NewsWorld

മെക്‌സിക്കന്‍ ബ്യൂട്ടി ഇന്‍ഫ്‌ളുവന്‍സര്‍ ലൈവിനിടെ വെടിയേറ്റ് മരിച്ചു; പൊതുവിടത്തിലെത്തുന്ന സ്ത്രീകള്‍ക്കെതിരെ മെക്‌സികോയില്‍ ആക്രമണം വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

Spread the love

ലോകമെമ്പാടും ഫോളോവേഴ്‌സുള്ള മെക്‌സിക്കന്‍ ബ്യൂട്ടി ഇന്‍ഫ്‌ളുവന്‍സര്‍ വാലേറിയ മാര്‍ക്വേസ് കൊല്ലപ്പെട്ടു. ലൈവ് സ്ട്രീമിങ്ങിനിടെ അജ്ഞാതന്റെ വെടിയേറ്റാണ് വാലേറിയ കൊല്ലപ്പെട്ടത്. 23 വയസായിരുന്നു. മെക്‌സികോയില്‍ വര്‍ധിച്ചുവരുന്ന സ്ത്രീഹത്യകളിലൊന്നായി ഈ സംഭവത്തെ കാണുന്നുവെന്ന് ജലിസ്‌കോ സ്‌റ്റേറ്റ് പ്രോസിക്യൂട്ടര്‍ പറഞ്ഞു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലോ പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പേരിലോ വിവാഹമോചനം നടത്തിയതിന്റെ പേരിലോ പൊതുവിടത്തില്‍ ശരീരം പ്രദര്‍ശിപ്പിച്ചുവെന്ന് ആരോപിച്ചോ ഒക്കെയാണ് മെക്‌സികോയില്‍ വ്യാപകമായി സ്ത്രീഹത്യകള്‍ നടക്കുന്നത്.

സാപോപന്‍ സിറ്റിയില്‍ വാലേറിയ ജോലി ചെയ്യുന്ന സലൂണില്‍ വച്ച് ചെയ്ത ലൈവ് സ്ട്രീമിങ്ങിനിടെയാണ് ക്രൂരമായ കൊലപാതകം നടന്നത്. ലൈവ് സ്ട്രീമിനിടെ വാലേറിയയ്ക്ക് ഒരു കളിപ്പാട്ടം പാഴ്‌സലായി ലഭിക്കുകയും പിന്നാലെ ഇവര്‍ വെടിയേറ്റ് മരിക്കുകയുമായിരുന്നു. വെടിവച്ച ശേഷം അക്രമി വാലേറിയയുടെ ഫോണ്‍ എടുത്ത് ഓഫ് ചെയ്യാന്‍ ശ്രമിക്കുന്നതായി വിഡിയോയില്‍ കാണാമെങ്കിലും അക്രമിയുടെ മുഖം വ്യക്തമായി പതിഞ്ഞിട്ടില്ല.

ടിക്ടോകിലും ഇന്‍സ്റ്റഗ്രാമിലും രണ്ട് ലക്ഷത്തോളം ഫോളോവേഴ്‌സാണ് വാലേറിയയ്ക്കുള്ളത്. സൗന്ദര്യസംരക്ഷണം, മേയ്ക്കപ്പ്, ഫാഷന്‍ എന്നിവയുമായെല്ലാം ബന്ധപ്പെട്ട വിഡിയോകളാണ് വാലേറിയ പോസ്റ്റ് ചെയ്യാറുള്ളത്. ലാറ്റിന്‍ അമേരിക്കയ്ക്കും കരീബിയനും വേണ്ടിയുള്ള യുഎന്‍ സാമ്പത്തിക കമ്മീഷന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ലാറ്റിന്‍ അമേരിക്കയില്‍ ഏറ്റവുമധികം സ്ത്രീഹത്യ നടക്കുന്ന നാലാമത്തെ രാജ്യമാണ് മെക്‌സികോ. ഒക്ടോബര്‍ 2024 മുതല്‍ ഇതുവരെ രാജ്യത്ത് 906 കൊലപാതകങ്ങള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.