NationalTop News

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപം; ബിജെപി മന്ത്രിക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് മധ്യപ്രദേശ് ഹൈക്കോടതി

Spread the love

കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തിൽ ബിജെപി മന്ത്രി വിജയ് ഷാക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട് മധ്യപ്രദേശ് ഹൈക്കോടതി. മന്ത്രി വിജയ് ഷാക്കെതിരേ കേസെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവിയോടാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.

കഴിഞ്ഞദിവസമാണ് മധ്യപ്രദേശിലെ മന്ത്രി വിജയ് ഷാ കേണല്‍ ഖുറേഷിക്കെതിരേ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയത്. സോഫിയ ഖുറേഷിയെ ഭീകരരുടെ സഹോദരിയെന്ന വിധത്തിൽ പരാമര്‍ശിച്ചാണ് മന്ത്രി പൊതുപരിപാടിക്കിടെ അധിക്ഷേപിച്ചത്. നമ്മുടെ പെണ്മക്കളെ വിധവകളാക്കിയവരെ പാഠം പഠിപ്പിക്കാനായി അവരുടെ തന്നെ സഹോദരിയെ നമ്മള്‍ അയച്ചു എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ഈ പരാമര്‍ശം വിവാദമായതോടെ മന്ത്രി വിജയ് ഷാ മാപ്പ് പറയുകയും ചെയ്തിരുന്നു.ഓപ്പറേഷന്‍ സിന്ദൂറിനേക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് കേണല്‍ സോഫിയ ഖുറേഷിയായിരുന്നു. വിജയ് ഷായുടെ പരാമര്‍ശം ഇന്ത്യന്‍ സേനയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.വിജയ് ഷാ നടത്തിയത് അങ്ങേയറ്റം അപമാനകരവും ലജ്ജാകരവും അസഭ്യവുമാണെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. ബിജെപിയും ആർഎസ്എസും സ്ത്രീവിരുദ്ധ മനോഭാവം പുലർത്തുന്നുവരാണെന്നും ഖർഗെ കുറ്റപ്പെടുത്തി.