ഓപ്പറേഷൻ സിന്ദൂരിന്റെ വിജയം; ബിജെപിയുടെ രാജ്യവ്യാപക ‘തിരങ്ക യാത്ര’ ഇന്ന് തുടങ്ങും
ഓപ്പറേഷൻ സിന്ദൂറിന്റെ വൻ വിജയത്തിൻറെ പശ്ചാത്തലത്തിൽ ബിജെപി പ്രഖ്യാപിച്ച രാജ്യവ്യാപക തിരങ്ക യാത്ര ഇന്ന് തുടങ്ങും. 11 ദിവസം നീണ്ടുനിൽക്കുന്ന തിരങ്ക യാത്രയാണ് സംഘടിപ്പിക്കുന്നത്. മോദി സർക്കാരിന്റെ ദൃഢനിശ്ചയമുളള നേതൃത്വവും ഇന്ത്യൻ സേനകളുടെ ആത്മവീര്യവും സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് ലക്ഷ്യം.
തിരങ്ക യാത്രയെ രാഷ്ട്രീയവത്കരിക്കുകയല്ല തങ്ങളുടെ ലക്ഷ്യമെന്നും ബിജെപി വ്യക്തമാക്കുന്നു. മുതിർന്ന ബിജെപി നേതാക്കളും കേന്ദ്ര മന്ത്രിമാരും തിരങ്ക യാത്രയുടെ ഭാഗമാകും. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, ജെ.പി നദ്ദ എന്നിവർ തിരങ്ക യാത്രയുമായി ബന്ധപ്പെട്ട് ഞായറാഴ്ച ചർച്ചകൾ നടത്തിയിരുന്നു.
മുതിർന്ന നേതാക്കളായ സംബിത് പത്ര, വിനോദ് തവ്‌ഡെ, തരുൺ ചുഗ് തുടങ്ങിയവർ പ്രചാരണം ഏകോപിപ്പിക്കും. വിവിധ മേഖലകളിലുടനീളമുള്ള യാത്രകൾക്ക് ബിജെപിയുടെ ഉന്നത മന്ത്രിമാരും മുതിർന്ന നേതാക്കളും നേതൃത്വം നൽകും.
