ഇദാൻ അലക്സാണ്ടറിന്റെ മോചനത്തിന് പകരമായി ഗസയിലേക്കുള്ള മാനുഷിക ഇടനാഴി തുറക്കുമെന്ന് ഇസ്രായേൽ പത്രം; ദോഹയിൽ ചർച്ചകൾ
ഇസ്രായേലി-അമേരിക്കൻ സൈനികനായ ഇദാൻ അലക്സാണ്ടറിന്റെ മോചനത്തിന് പകരമായി ഗസ മുനമ്പിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിനുള്ള ഇടനാഴികൾ ഇസ്രായേൽ തുറന്നുകൊടുക്കുമെന്ന് ഇസ്രായേൽ പത്രമായ ഇസ്രായേൽ ഹയോം റിപ്പോർട്ട് ചെയ്തു.ബന്ദികളെ മോചിപ്പിക്കുന്ന കരാർ വിപുലീകരിക്കുന്നതിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് നാളെ ഇസ്രായേൽ സന്ദർശിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.ഇദാൻ അലക്സാണ്ടറിന്റെ മോചനം സാധ്യമാക്കുന്നതിന് ഖത്തർ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങൾ സംയുക്തമായി ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് ഹമാസ് മേധാവി ഖലീൽ അൽ ഹയ്യ പറഞ്ഞു.
അതേസമയം,ഇസ്രായേലിനും ഹമാസിനുമിടയിൽ വെടിനിർത്തൽ നടപ്പാക്കാനും ബന്ദികളെ കൈമാറാനുമുള്ള കരാറിലെത്താൻ തിരക്കിട്ട ചർച്ചകൾ നടക്കുന്നതായാണ് റിപ്പോർട്ട്.ചൊവ്വാഴ്ച യു,എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഖത്തർ ഉൾപെടെ മൂന്ന് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനിരിക്കെയാണ് പുതിയ നീക്കം.ഗസയിൽ വെടിനിർത്തൽ, തടവുകാരുടെ കൈമാറ്റം, മാനുഷിക സഹായം എത്തിക്കൽ എന്നിവ സംബന്ധിച്ച് ഹമാസ് നേതൃത്വവും അമേരിക്കയും തമ്മിൽ ദോഹയിൽ നേരിട്ടുള്ള ചർച്ചകൾ നടന്നതായും ചർച്ചകൾ ഇപ്പോഴും തുടരുന്നതായും മുതിർന്ന ഹമാസ് ഉദ്യോഗസ്ഥൻ പറഞ്ഞു.