കേരളത്തിൽ കോൺഗ്രസ് ഒന്നിച്ച് മുന്നോട്ട് പോകും; കെ പി സിസി അധ്യക്ഷൻ സണ്ണി ജോസഫ്
കൂട്ടായ്മയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനമാണ് കേരളത്തിന് ആവശ്യമെന്ന് സണ്ണി ജോസഫ് എംഎല്‍എ. കെപിസിസി അധ്യക്ഷമായി ചുമതലയേറ്റ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു സണ്ണി ജോസഫ്. ഒറ്റയ്ക്കല്ല കേരളത്തിൽ കോൺഗ്രസ് ഒന്നിച്ചാണ് മുന്നോട്ട് പോകുക. പ്രഖ്യാപിച്ച നേതൃനിര പൂർണമല്ലെന്നും
ഇനിയും പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാന്‍ഡിനും കേരളത്തിലെ കോണ്‍ഗ്രസിനും നന്ദിയെന്നും സണ്ണി ജോസഫ് എംഎല്‍എ കൂട്ടിച്ചേർത്തു.
കണ്ണൂരില്‍ ഇപ്പോഴും അക്രമ രാഷ്ട്രീയം ഉണ്ട്. കഴിഞ്ഞ ദിവസം പ്രതിഷേധ യോഗത്തിൽ പോലും അക്രമം നടത്തി. സി പി ഐ എമ്മുകാരുടെ അടികൊണ്ട പൊലീസുകാർക്കാണ് സ്ഥലമാറ്റം നൽകിയതെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
അതേസമയം, പാർട്ടി പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് അധ്യക്ഷ പദവി ഏറ്റെടുത്തതെന്ന് ഓർമിപ്പിച്ചു കൊണ്ടാണ് കെ. സുധാകരൻ അധ്യക്ഷ പ്രസംഗം നടത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ 18 സീറ്റ് നേട്ടവും സമരോത്സുകമായ ദിനങ്ങളും എണ്ണിപ്പറഞ്ഞ സുധാകരൻ സ്ഥാനം ഒഴിഞ്ഞാലും പാർട്ടിയെ നയിക്കാൻ താനുണ്ടാകുമെന്ന് പ്രഖ്യാപിച്ചു. നാല് കൊല്ലത്തെ രാഷ്ട്രീയ-സംഘടനാ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ സുധാകരൻ പ്രസംഗത്തിൽ ഒരിടത്തും കെ.സി വേണുഗോപാലിൻ്റെയോ വി.ഡി സതീശന്റെയോ ദീപാദാസ് മുൻഷിയുടെയോ പേര് പരാമർശിച്ചതേയില്ല. പ്രവർത്തക സമിതി അംഗം രാഷ്ട്രിയ എതിരാളികളോട് വിട്ടു വീഴ്ചയില്ലെന്ന പ്രഖ്യാപനവും വിടവാങ്ങൽ പ്രസംഗത്തിൽ സുധാകരൻ നടത്തി.
എന്നാൽ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ സാധ്യത കല്പിക്കപ്പെട്ട ആൻ്റോ ആൻറണി സ്ഥാനാരോഹണ ചടങ്ങിൽ നിന്ന് വിട്ടുനിന്നത് ശ്രദ്ധേയമായി. ഇന്നലെ അന്തരിച്ച എംജി കണ്ണൻറെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കേണ്ടത് കൊണ്ടാണ് ആൻ്റോ ആൻറണി ചടങ്ങിൽ പങ്കെടുക്കാത്തത് എന്നാണ് ഔദ്യോഗിക വിശദീകരണം.