NationalTop News

പാകിസ്താന്‍ വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചു, സൈന്യം ഉചിതമായ മറുപടി നല്‍കി; സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി

Spread the love

പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. പാകിസ്താന്റെ പ്രകോപനത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. അതിര്‍ത്തിയിലെ പാക് പ്രകോപനങ്ങള്‍ക്ക് സൈന്യം ഉചിതമായ മറുപടി നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. സംഘര്‍ഷം ഒഴിവാക്കാന്‍ പാകിസ്താന്‍ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

പാകിസ്താന്‍ വെടിനിര്‍ത്തല്‍ ധാരണം ലംഘിച്ചത് അതീവ ഗൗരവതരമായാണ് ഇന്ത്യ കാണുന്നത്. പാകിസ്താന്‍ ഇന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ നിരവധി തവണ വെടിനിര്‍ത്തല്‍ ലംഘനം നടത്തിയെന്ന് വിക്രം മിസ്രി വാര്‍ത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കി. പാക് പ്രകോപനങ്ങള്‍ക്ക് തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

ജമ്മു കശ്മീരില്‍ വെടിനിര്‍ത്തല്‍ ഇല്ലാതായിരിക്കുന്നുവെന്നും ശ്രീനഗറിലെ വ്യോമപ്രതിരോധ സംവിധാനം സജ്ജമായിയെന്നും മണിക്കൂറുകള്‍ക്ക് മുന്‍പാണ് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എക്‌സില്‍ പോസ്റ്റ് പങ്കുവച്ചത്. വെടിനിര്‍ത്തല്‍ എവിടെയാണെന്ന് മനസിലാകുന്നില്ലെന്നും ശ്രീനഗറിലാകെ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടെന്നും അദ്ദേഹം പറഞ്ഞു. ജമ്മുവിലും കശ്മീരിലും വിവിധയിടങ്ങളില്‍ പാകിസ്താന്‍ ഷെല്ലാക്രമണം നടത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ജമ്മുവില്‍ ഒന്നിലധികം ഇടങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ശ്രീനഗറില്‍ തുടര്‍ച്ചയായി ഉഗ്രസ്‌ഫോടനങ്ങള്‍ കേട്ടതായി പ്രദേശവാസികള്‍ അറിയിച്ചു.

അതിര്‍ത്തിയില്‍ പാകിസ്ഥാനെതിരെ തിരിച്ചടിക്കാന്‍ ബിഎസ്എഫിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയതായി വിവരമുണ്ട്. ശ്രീനഗറിലെ ഖന്യാര്‍ പ്രദേശത്ത് ഡ്രോണ്‍ വെടിവച്ചു വീഴ്ത്തി. സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ അടിയന്തരമായി ബ്ലാക്ക് ഔട്ട് ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.