KeralaTop News

എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം; വെള്ളാർമല സ്കൂളിലെ കുട്ടികള്‍ക്ക് അഭിനന്ദനവുമായി പ്രിയങ്ക ​ഗാന്ധി

Spread the love

എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വെള്ളാർമല സ്കൂളിലെ വിദ്യാർഥികളെ അഭിനന്ദിച്ച് വയനാട് എം.പി പ്രിയങ്ക ഗാന്ധി. പരീക്ഷയിൽ വിജയിച്ച എല്ലാ കുട്ടികൾക്കും പ്രിയങ്ക​ എക്സ് പോസ്റ്റിലൂടെ ആശംസകൾ നേർന്നു. ഉരുള്‍പൊട്ടല്‍ ദുരന്ത സമയത്ത് മുത്തശ്ശിയെ രക്ഷിച്ച മുഹമ്മദ് ഹാനിക്ക് പ്രത്യേക അനുമോദനവും പ്രിയങ്ക അറിയിച്ചു.

“എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച എല്ലാവർക്കും ആശംസകൾ. 100 ശതമാനം വിജയം നേടിയ വെള്ളാർമല സ്കൂളിനും അഭിനന്ദനം. വയനാട്ടിലെ ദുരന്തമുഖത്തുനിന്ന് മുത്തശ്ശിയെ രക്ഷിച്ച മുഹമ്മദ് ഹാനിക്ക് എസ്.എസ്.എൽ.സി വിജയത്തിന് പ്രത്യേക അഭിനന്ദനം. ഈ വിജയം നമുക്ക് പ്രചോദനം നൽകുന്നതാണ്. ഇത്തവണ വിജയിക്കാൻ കഴിയാതെ പോയ കുട്ടികള്‍ ഇത് അവസാനമെന്ന് കരുതരുത്. പരാജയങ്ങള്‍ വിജയത്തിലേക്കുള്ള ചവിട്ടുപടികളാണ്” -പ്രിയങ്ക എക്സിൽ കുറിച്ചു.
അതേസമയം ദുരന്തം നാശം വിതച്ചെങ്കിലും ആത്മവിശ്വാസം കൈവിടാതെ വെള്ളാര്‍മലയിലെ കുട്ടികള്‍ എസ്എസ്എൽസി പരീക്ഷയിൽ നേടിയത് നൂറുമേനി വിജയമായിരുന്നു. പരീക്ഷ എഴുതിയ 55 പേരും ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്. ഫലപ്രഖ്യാപനം കഴിഞ്ഞ ശേഷം വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തിയിരുന്നു.