Wednesday, March 25, 2026
Latest:
NationalTop News

പാകിസ്ഥാൻ വാക്കുതെറ്റിച്ചു? ശ്രീനഗറിൽ വീണ്ടും പ്രകോപനമെന്ന് വിവരം; ശ്രീനഗറിൻ്റെ ആകാശ് ഉഗ്ര ശബ്ദം; ജനം ആശങ്കയിൽ

Spread the love

ദില്ലി: വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം. പാക് ഡ്രോണുകൾ ശ്രീനഗർ അതിർത്തിയിലെത്തി. പിന്നാലെ ശ്രീനഗറിൽ അപായ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇവിടെ നിന്നും ആളുകളെ മാറ്റിത്തുടങ്ങി. ലാൽചൗക്കിൽ ആകാശത്ത് പൊട്ടിത്തെറി ശബ്ദം കേട്ട് ആളുകൾ പരിഭ്രാന്തരായി ഓടി. ജമ്മു കശ്മീരിലെ ശ്രീനഗർ, ഉദ്ദംപൂർ, രാജസ്ഥാനിലെ ബാർമറിലും ഇന്നലെ പാക് ഡ്രോൺ പതിച്ച ഫിറോസ്‌പൂരിലും അടിയന്തര ബ്ലാക്ക് ഔട്ട് പുറപ്പെടുവിച്ചു..

പഞ്ചാബിലെ ഹോഷിയാർപൂർ, പത്താൻകോട്ട് എന്നിവിടങ്ങളിലും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. എല്ലാവരോടും വിളക്ക് അണയ്ക്കാൻ നിർദേശം നൽകി. ശ്രീനഗറിൽ സ്ഫോടന ശബ്ദം കേട്ടതിന് പിന്നാലെ വെടിനിർത്തൽ എവിടെയെന്ന് ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സമൂഹ മാധ്യമമായ എക്‌സിൽ കുറിച്ചു. വെടിനിർത്തലില്ലെന്ന് പറഞ്ഞ അദ്ദേഹം, വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തനം തുടങ്ങിയെന്ന് അറിയിച്ച് ദൃശ്യം പുറത്ത് വിട്ടു.

ജമ്മുവിലെ രജൗരി, അഖ്‌നൂർ, തുടങ്ങിയ മേഖലകളിൽ ബിഎസ്എഫിൻ്റെ പോസ്റ്റുകൾക്ക് നേരെയും വെടിവയ്പ്പുണ്ടാകുന്നുണ്ട്. പാക് സൈനികർ അതിർത്തിയിൽ വെടിവയ്പ്പ് തുടരുകയാണ്. അതിർത്തി കടന്ന് ഡ്രോണുകൾ വന്നിട്ടില്ലെന്നും അതിർത്തിയിലേക്ക് പാക് ഡ്രോണുകളെത്തിയെന്നുമാണ് വിവരം.

എന്നാൽ കേന്ദ്ര സർക്കാർ സംയമനത്തോടെയാണ് പ്രതികരിക്കുന്നത്. പ്രതിരോധ സേനകളുടെ സ്ഥിരീകരണമില്ലാതെ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് റിപ്പോർട്ട് ചെയ്യരുതെന്ന് മാധ്യമങ്ങൾക്ക് പ്രസ് ഇൻഫർമേഷൻ ബ്യൂറോ നിർദേശം നൽകിയിട്ടുണ്ട്.