KeralaTop News

‘കെ സുധാകരന്റെ അനുഗ്രഹമുണ്ട്; എല്ലാവരുടെയും സഹകരണത്തോടെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തും ‘ ; സണ്ണി ജോസഫ്

Spread the love

കേരളത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ശക്തമാക്കാന്‍ ഏല്‍പ്പിച്ചിട്ടുള്ള ചുമതലയാണിതെന്നും വിനയത്തോടെ ഏറ്റെടുക്കുന്നുവെന്നും പുതിയ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ഈ ദൗത്യത്തിന്റെ പൂര്‍ത്തീകരണത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്, കേരളത്തിലെ മുതിര്‍ന്ന നേതാക്കന്‍മാര്‍, സഹപ്രവര്‍ത്തകര്‍, ണികള്‍ അനുഭാവികള്‍, തുടങ്ങിയ എല്ലാവരുടെയും പിന്തുണയും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഏറ്റവും മെച്ചപ്പട്ടൊരു ടീമിനെയാണ് അഖിലേന്ത്യ കോണ്‍ഗ്രസ് നേതൃത്വം കേരളത്തില്‍ ഇപ്പോള്‍ നിയോഗിച്ചിട്ടുള്ളത്. അടൂര്‍ പ്രകാശിനെ യുഡിഎഫ് കണ്‍വീനറായും വിഷ്ണുനാഥും ഷാഫിയും അനില്‍ കുമാറുമായിട്ടുള്ള ഈ ടീം അതിശക്തമായ മുന്നേറ്റത്തിന് തയാറാണ്. കൂട്ടായ നേതൃത്വത്തിന്റെ ശക്തിയായ പ്രവര്‍ത്തനം ഞങ്ങള്‍ കാഴ്ച വെക്കും – അദ്ദേഹം വ്യക്തമാക്കി.

സഭയുടെ ഭാഗത്ത് നിന്നുള്ള സമ്മര്‍ദത്തിന്റെ ഭാഗമായിട്ടാണ് കെപിസിസി പ്രസിഡന്റായി തന്നെ നിയോഗിച്ചതെന്ന ആരോപണങ്ങള്‍ക്കും അദ്ദേഹം മറുപടി പറഞ്ഞു. താനൊരു മതേതര പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനാണെന്നും എല്ലാ മതവിശ്വാസികളും തന്നെ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് ഏതെങ്കിലും ഒരു സഭയുടെ പ്രതിനിധിയല്ല ഞാന്‍. സഭാ നേതൃത്വം തന്നെ അത് വ്യക്തമാക്കിയിട്ടുണ്ട് – അദ്ദേഹം വ്യക്തമാക്കി.

കെ സുധാകരന്‍ തന്നെ വിളിച്ചുവെന്നും എല്ലാ പിന്തുണയും അനുഗ്രഹവും പ്രഖ്യാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മുന്നോട്ട് പോകാന്‍ നിര്‍ദേശിച്ചു. അദ്ദേഹം എല്ലാകാലത്തും ഞങ്ങളുടെ പ്രിയങ്കരനായ, ബഹുമാന്യനായ, കരുത്തനായ നേതാവാണ്. അദ്ദേഹമിപ്പോള്‍ മലപ്പട്ടത്തൊരു പരിപാടിയിലാണ്. ഞാന്‍ അദ്ദേഹത്തെ കാണുന്നതിന് വേണ്ടി കണ്ണൂര്‍ ഡിസിസി ഓഫീസിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണ്.