NationalTop News

പേര് കേട്ടപ്പോള്‍ കണ്ണ് നിറഞ്ഞു’; പഹല്‍ഗാമില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങള്‍; ഓപ്പറേഷന്‍ സിന്ദൂറെന്ന പേര് നിര്‍ദേശിച്ചത് പ്രധാനമന്ത്രി

Spread the love

പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ക്കെതിരെ നടത്തിയ ഇന്ത്യ നടത്തിയ ആക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേര് നിര്‍ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ ജീവന്‍ നഷ്ടപ്പെട്ട 22 പേരുടെ കുടുംബങ്ങളുടെ വേദനകള്‍ക്കും അനാഥത്വങ്ങള്‍ക്കും രാജ്യം മറുപടി നല്‍കുമ്പോള്‍ ഇതിലും കൃത്യമായൊരു പേര് വേറെയില്ലെന്നാണ് വരുന്ന പ്രതികരണങ്ങളിലേറെയും.

പ്രധാനമന്ത്രിയുടെ വാക്കുകള്‍ വിശ്വസിച്ചിരുന്നുവെന്നും തിരിച്ചടിക്കുമെന്ന് വിശ്വസിച്ചിരുന്നു അതിനായി പ്രാര്‍ത്ഥിച്ചിരുന്നുവെന്നും പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന്റെ മകള്‍ ആരതി പറഞ്ഞു. പുരുഷന്മാരെ മാത്രമായിരുന്നു അവര്‍ കൊന്നുകളഞ്ഞത്. കൂടെയുള്ള സ്ത്രീകള്‍ അതെ ആഘാതത്തില്‍ തന്നെ ജീവിക്കണം എന്നായിരിക്കാം അവര്‍ ഉദ്ദേശിച്ചിട്ടുണ്ടാകുക. എന്നാല്‍ ഇന്ത്യന്‍ സ്ത്രീകളും കണ്ണീരൊഴുക്കി ആ നടുക്കത്തില്‍ ജീവിക്കില്ല. ഞങ്ങള്‍ക്കും മറുപടി ഉണ്ട്. ചോദിക്കാന്‍ ഇന്ത്യ ഉണ്ട്. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്നതിനേക്കാള്‍ വലിയൊരു പേര് ഈ തിരിച്ചടിക്ക് നിര്‍ദേശികാണില്ല. എന്റെ അമ്മയുടെ സിന്ദൂരം മായ്ച്ചതിനുള്ള മറുപടിയാണിത് – ആരതി പറഞ്ഞു.

ഇതേ അഭിപ്രായം തന്നെയാണ് പഹല്‍ഗാമില്‍ കൊല്ലപ്പെട്ട കാണ്‍പൂരില്‍ നിന്നുള്ള ശുഭം ദ്വിവേദിയുടെ ഭാര്യയും പങ്കുവെക്കുന്നത്. ഇന്ത്യയുടെ സൈനിക നീക്കം പഹല്‍ഗാമില്‍ കൊല്ലപ്പെട്ട തന്റെ ഭര്‍ത്താവിനോടുള്ള ആദരമാണെന്ന് അവര്‍ വ്യക്തമാക്കി. എന്റെ ഭര്‍ത്താവിന്റെ മരണത്തിന് പ്രതികാരം ചെയ്തതിന് പ്രധാനമന്ത്രിയോട് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. എന്റെ കുടുംബത്തിന് മുഴുവന്‍ അദ്ദേഹത്തില്‍ വിശ്വാസമുണ്ടായിരുന്നു. പാകിസ്താന് നല്‍കിയ മറുപടിയിലൂടെ ആ വിശ്വാസം അദ്ദേഹം നിലര്‍ത്തി. ഇതാണ് എന്റെ ഭര്‍ത്താവിനുള്ള യഥാര്‍ത്ഥ ആദരാഞ്ജലി – അവര്‍ വ്യക്തമാക്കി.
നമ്മുടെ പെണ്‍മക്കളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ചതിന് ഭീകരര്‍ക്ക് ലഭിച്ച ഉചിതമായ മറുപടിയാണിതെന്ന് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പൂണെ സ്വദേശി സന്തോഷ് ജഗ്ദേലിന്റെ ഭാര്യ പ്രഗതി ജഗ്ദേല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈ ഓപ്പറേഷന്റെ പേര് കേട്ടപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു. സര്‍ക്കാരിന് ആത്മാര്‍ഥമായി നന്ദി പറയുന്നു – പ്രഗതി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ആഴ്ച നടന്ന ഉന്നതതല യോഗങ്ങളില്‍, അടുത്തിടെയുണ്ടായ ഭീകരാക്രമണം ഇന്ത്യന്‍ പുരുഷന്മാരെ മനഃപൂര്‍വ്വം ലക്ഷ്യം വച്ചതാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ആക്രമണത്തില്‍ ബാധിക്കപ്പെട്ട സ്ത്രീകളെയും കുടുംബങ്ങളെയും പറ്റിയും അദ്ദേഹം സംസാരിച്ചിരുന്നു.