‘ഭീകരരെ അമർച്ച ചെയ്യാൻ ശ്രമിക്കുന്ന ധീര സൈനികർക്ക് അഭിവാദ്യങ്ങൾ, മതഭീകരത എത്രത്തോളം അപകടകരമെന്ന് തെളിയിക്കുന്നു’ : കെ കെ ശൈലജ
പാകിസ്താനിലെ ഭീകര ആസ്ഥാനങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂറി’ല്‍ പങ്കെടുത്ത സൈനികരെ അഭിനന്ദിച്ച് മുൻ മന്ത്രി കെ കെ ശൈലജ. നിഷ്കളങ്കരായ സഞ്ചാരികളെയാണ് ഭീകരർ കൊലപ്പെടുത്തിയത്. മതഭീകരത എത്രത്തോളം അപകടകരമാണെന്ന് തെളിയിക്കുന്നതായിരുന്നു പെഹൽഗാം ആക്രമണമെന്നും കെ കെ ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.
പെഹൽഗാമിൽ കൊല്ലപ്പെട്ട 27 പേരുടെയും ജീവൻ ഏറെ വിലപ്പെട്ടതാണ്. അതിൽ പ്രതികരിച്ചു കൊണ്ട് സൈന്യം നടത്തുന്ന എല്ലാ നടപടികൾക്കും പിൻതുണ അറിയിക്കുന്നു. പാക്ക് അധീന കശ്മീരിലെയും പാകിസ്താനിലെയും തീവ്രവാദ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് ഇന്ത്യന്‍ സൈന്യം നടത്തിയ സൈനിക നീക്കമുള്‍പ്പെടെ ഭീകരവാദത്തെയും തീവ്രവാദത്തെയും അമര്‍ച്ച ചെയ്യാന്‍ രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികളെയും പിന്‍തുണയ്ക്കുന്നുവെന്നും അവർ വ്യക്തമാക്കി.
ഇതിനോടൊപ്പം പെഹല്‍ഗാമില്‍ സാധരണക്കാരെ കൊലപ്പെടുത്തിയ തീവ്രവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും അതിര്‍ത്തി രാജ്യങ്ങളില്‍ ഭീകരവാദ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുമുള്ള നയതന്ത്ര ഇടപെടല്‍ നടത്താന്‍ രാജ്യത്തിന് കഴിയണമെന്നും കെ കെ ശൈലജ കുറിച്ചു.