NationalTop News

തുടര്‍ച്ചയായ 12-ാം ദിനവും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍; ശക്തമായ മറുപടി നല്‍കി ഇന്ത്യന്‍ സൈന്യം

Spread the love

അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍. തുടര്‍ച്ചയായ 12-ാം ദിവസവും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍ സൈന്യത്തിന്റെ വെടിവയ്പ്പുണ്ടായി. കുപ്വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ദാര്‍, നൗഷേര, സുന്ദര്‍ബാനി, അഖ്‌നൂര്‍ മേഖലകളില്‍ ആണ് വെടിവെപ്പ് ഉണ്ടായത്. പാകിസ്താന് ഉചിതമായ തിരിച്ചടി നല്‍കിയതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു.

മെയ് ആറ് പുലര്‍ച്ചെയും അഞ്ചിന് അര്‍ദ്ധരാത്രിയിലുമായി നിയന്ത്രണരേഖയുടെ സമീപത്ത് പാക് പ്രകോപനമുണ്ടായിയെന്ന് പ്രതിരോധ വക്താവ് അറിയിക്കുകയായിരുന്നു. ജമ്മു കശ്മീരിലെ ഏഴ് അതിര്‍ത്തി ജില്ലകളിലെ അഞ്ച് ജില്ലകളിലാണ് വെടിവയ്പ്പ് നടന്നത്. സാംബ, കതുവ ജില്ലകളിലെ അതിര്‍ത്തിയിലൊഴികെ ഇന്ന് പുലര്‍ച്ചെയും ഇന്നലെ അര്‍ദ്ധരാത്രിയിലുമായി വെടിവയ്പ്പുണ്ടായിരുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നീക്കത്തിന് രാജ്യം തയ്യാറെടുക്കുകയാണ്.
സംസ്ഥാനങ്ങള്‍ക്ക് സിവില്‍ ഡിഫന്‍സ് തയ്യാറെടുപ്പുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. മെയ് 7 ന് സമഗ്രമായ മോക് ഡ്രില്ലുകള്‍ നടത്താന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍, സിവിലിയന്മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സംരക്ഷണ സിവില്‍ ഡിഫന്‍സ് പ്രോട്ടോക്കോളുകളില്‍ പരിശീലനം, ക്രാഷ് ബ്ലാക്ക്ഔട്ട് നടപടിക്രമങ്ങള്‍ നടപ്പിലാക്കല്‍ എന്നിവയില്‍ ആകും മോക് ഡ്രില്‍ നടത്തുക. നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങളും ഇന്‍സ്റ്റാളേഷനുകളും സംരക്ഷിക്കാനും നിര്‍ദേശമുണ്ട്.