ബോളിവുഡിൽ സർഗാത്മക ദാരിദ്ര്യം ; തെന്നിന്ത്യയിൽ നിന്ന് ആശയം മോഷ്ടിക്കുന്നു ; നവാസുദ്ധീൻ സിദ്ധിഖി
ഇന്ത്യൻ സിനിമ കണ്ട മികച്ച നടന്മാരിലൊരാളെന്ന പേരിൽ മാത്രമല്ല സിനിമക്ക് പുറത്ത് മുഖം നോക്കാതെയുള്ള അഭിപ്രായ പ്രകടനങ്ങൾ കൊണ്ടും ശ്രദ്ധേയനാണ് നവാസുദ്ധീൻ. ഇപ്പോൾ ബോളിവുഡ് സിനിമാ വ്യവസായം നേരിടുന്ന തകർച്ചയെക്കുറിച്ച് നടൻ പറഞ്ഞിരിക്കുന്ന പ്രസ്താവന സോഷ്യൽ മീഡിയയിലും സിനിമ മേഖലയിലും ചർച്ചയായിരുന്നു.
“പുതുമയുള്ള കഥകളോ പരീക്ഷണ സ്വഭാവമുള്ള പ്രമേയങ്ങളോ ഒന്നും ബോളിവുഡിൽ ആർക്കും നിർമ്മിക്കേണ്ട, മറിച്ച് മുൻ ഇറങ്ങിയ ചിത്രങ്ങളുടെ അടുത്ത ഭാഗങ്ങളോ അതെ മാതൃകയിൽ നിർമ്മിക്കപ്പെടുന്ന ചിത്രങ്ങളോ മാത്രമേ നിർമ്മിക്കപ്പെടുന്നുള്ളൂ. തെന്നിന്ത്യൻ സിനിമകളിലെ പ്രമേയങ്ങളും രംഗങ്ങളുമെല്ലാം അനുവാദം പോലുമില്ലാതെയാണ് ബോളിവുഡിൽ എടുത്ത് ഉപയോഗിക്കുന്നത്. സർഗാത്മകമായി ചിന്തിക്കാനേ അവർക്ക് കഴിയുന്നില്ല, അല്ലെങ്കിലും കള്ളന്മാർക്ക് എന്ത് സർഗാത്മകത? ” നവാസുദ്ധീൻ സിദ്ധിഖി ചോദിക്കുന്നു.
അടുത്തിടെ സംവിധായകനും നവാസുദ്ധീൻ സിദ്ധിഖിയുടെ അടുത്ത സുഹൃത്തുമായ അനുരാഗ് കശ്യപും സമാന ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ബോളിവുഡ് പരിപൂർണമായി തകർന്നുവെന്നും, ഇനിയൊരു മടങ്ങി പോക്കില്ലാത്തതിനാൽ ബോളിവുഡ് ഉം മുംബൈയും ഉപേക്ഷിച്ച് തെന്നിന്ത്യയിലേക്ക് കുടിയേറാൻ ഒരുങ്ങുന്നുവെന്നും ആയിരുന്നു അനുരാഗ് കശ്യപ് പറഞ്ഞത്. അതിനു ശേഷം അധികം താമസിയാതെ അദ്ദേഹം മുംബൈ വിട്ട് ബാംഗ്ലൂരിലേക്ക് താമസം മാറുകയും ചെയ്തിരുന്നു.
താൻ അഭിനയിക്കുന്ന പുതിയ ഒടിടി ചിത്രമായ ‘കോസ്റ്റാവോ’ യുടെ പ്രമോഷണൽ അഭിമുഖത്തിലായിരുന്നു നവാസുദ്ധീൻ സിദ്ധിഖിയുടെ പ്രസ്താവന. നവാസുദ്ധീൻ സിദ്ധിഖി കസ്റ്റംസ് ഓഫീസറുടെ വേഷം കൈകാര്യം ചെയ്യുന്ന ചിത്രം സീ 5 ലൂടെ ഇതിനകം സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.