പിണറായി വിജയൻ – ദ ലെജൻഡ്: മുഖ്യമന്ത്രിയെ കുറിച്ച് ഡോക്യുമെന്ററിയുമായി സെക്രട്ടേറിയേറ്റിലെ CPIM സംഘടന
വാഴ്ത്തുപാട്ടിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് ഡോക്യുമെന്ററിയുമായി സെക്രട്ടേറിയേറ്റിലെ സിപിഐഎം സംഘടന. പിണറായി വിജയൻ – ദ ലെജൻഡ് എന്നാണ് ഡോക്യുമെൻ്ററിയുടെ പേര്. 15 ലക്ഷം രൂപ ചിലവിട്ടാണ് ഡോക്യുമെന്ററി നിർമിക്കുന്നത്. ഡോക്യുമെന്ററിയുടെ സ്വിച്ച് ഓൺ കർമ്മം മുഖ്യമന്ത്രി തന്നെ നിർവഹിക്കുമെന്ന് സംഘടനാ ഭാരവാഹികൾ പറയുന്നു.
ഈ മാസം 21ന് ഡോക്യുമെന്ററി നിർമ്മാണം ഉദ്ഘാടനം ചെയ്യും. ചെമ്പടയുടെ കാവലാൾ എന്ന വാഴ്ത്തുപാട്ട് ഒരുക്കിയതും സെക്രട്ടേറിയേറ്റിലെ സിപിഐഎം സംഘടനയായ കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനായിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്യുമെന്ററിയും ഒരുങ്ങുന്നത്. നേമം സ്വദേശി അൽത്താഫ് ആണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്. ഇന്ന് ചേർന്ന അസോസിയേഷന്റെ കൗൺസിൽ യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പാസാക്കി
അതേസമയം ഇന്ന് ചേർന്ന സംഘടനാ കൗൺസിൽ യോഗത്തിൽ നിന്ന് ഒരു വിഭാഗം ഇറങ്ങിപ്പോയി. രണ്ട് വിഭാഗങ്ങളായി വലിയ തോതിലുള്ള തർക്കം നിലനിൽക്കുന്നുണ്ട്. ജനറൽ സെക്രട്ടറി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് ഇറങ്ങിപ്പോയത്. അശോക് കുമാറിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കുന്നതിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്. സംഘടനയുടെ പ്രസിഡൻ്റ് പി. ഹണി ഏകാധിപത്യ പരമായി പെരുമാറുന്നു എന്നാണ് വിമർശനം. സംഘടനയുമായി സഹകരിക്കാത്തത് കൊണ്ടാണ് അശോക് കുമാറിനെ പുറത്താക്കിയതെന്ന് പി ഹണി പറഞ്ഞിരുന്നു.