KeralaTop News

മുനമ്പം ഭൂമി കേസ്; വഖഫ് ബോർഡ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Spread the love

മുനമ്പം ഭൂമി കേസിൽ വഖഫ് ബോർഡ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പറവൂർ സബ് കോടതിയിലെ രേഖകൾ വിളിച്ചുവരുത്തണം എന്നാവശ്യപ്പെട്ട് വഖഫ് ബോർഡ് നൽകിയ ഹർജിയാണ് അവധിക്കാല ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. കേസിൽ കക്ഷി ചേരാൻ മുനമ്പം സ്വദേശി ജോസഫ് ബെന്നി അപേക്ഷ നൽകിയിട്ടുണ്ട്.

വഖഫ് ബോർഡിന്റെ അപ്പീലിൽ ആവശ്യമായ രേഖകൾ നൽകാനും അനുമതി തേടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. ജസ്റ്റിസുമാരായ ജി ഗിരീഷ്, കെവി ജയകുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിക്കുക. കേസിൽ അന്തിമ ഉത്തരവിറക്കുന്നതിൽ നിന്ന് കോഴിക്കോട് വഖഫ് ട്രൈബ്യൂണലിനെ നേരത്തെ ഹൈക്കോടതി വിലക്കിയിരുന്നു.

എന്നാൽ വഖഫ് ട്രൈബ്യൂണലിലെ വാദം തുടരുന്നതിന് തടസമില്ലെന്നായിരുന്നു ഇടക്കാല ഉത്തരവ്.അപ്പീലിൽ ഫറൂഖ് കോളജ് മാനേജ്‌മെന്റ് ഉൾപ്പടെയുള്ള എതിർകക്ഷികൾ മറുപടി സത്യവാങ്മൂലം നൽകാനിരിക്കെയാണ് അപ്പീൽ വീണ്ടും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്.