Top NewsWorld

‘പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ഇന്ത്യ, സ്വന്തം ജനങ്ങളെ കൊന്നിട്ട് പാകിസ്താനുമേൽ കുറ്റം ചുമത്തുന്നു’; വിവാദ പരാമർശവുമായി ഷാഹിദ് അഫ്രീദി

Spread the love

പഹൽഗാം ഭീകരാക്രമണത്തിൽ വിവാദ പ്രസ്താവനയുമായി പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. പഹൽഗാo ഭീകരാക്രമണത്തിന് പിന്നിൽ ഇന്ത്യ തന്നെയാണെന്നാണ് ഷാഹിദ് അഫ്രീദിയുടെ ആരോപണം. അരമണിക്കൂറോളം ആക്രമണം നടന്നിട്ട് ഒരു ഇന്ത്യൻ സൈനികൻ പോലും വന്നില്ല. സ്വന്തം ജനങ്ങളെ കൊന്നിട്ട്, പഴി പാകിസ്താനുമേൽ ചുമത്തുകയാണ് ഇന്ത്യയെന്നും അഫ്രീദി ആരോപിച്ചു.

പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഉപേക്ഷിക്കണമെന്ന് മുൻ ഇന്ത്യൻ താരങ്ങളായ സൗരവ് ഗാംഗുലിയും ശ്രീവത്സ് ഗോസ്വാമിയും ആവശ്യപ്പെട്ടിരുന്നു. ‘‘ പാക്കിസ്ഥാൻ ടീമുമായുള്ള സഹകരണം 100 ശതമാനവും നിർത്തലാക്കാനുള്ള സമയമായി. കടുത്ത നടപടികൾ എടുക്കണം. എല്ലാ വർഷവും ഇത്തരം സംഭവങ്ങൾ നടക്കുന്നതു ഗൗരവമേറിയ കാര്യമാണ്. ഭീകരതയോട് ഒരു വിട്ടുവീഴ്ചയുടേയും ആവശ്യമില്ല.’’– സൗരവ് ഗാംഗുലി വാർത്താ ഏജൻ‌സിയായ എഎൻഐയോടു പറഞ്ഞു.

ഭീകരാക്രമണത്തിനു പിന്നാലെ ഇനി ഒരിക്കലും പാക്കിസ്ഥാനുമായുള്ള പരമ്പരകൾ സംഭവിക്കില്ലെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പ്രതികരിച്ചിരുന്നു. നിലവിൽ ഐസിസി ടൂർണമെന്റുകളിലും ഏഷ്യാകപ്പിലുമാണ് ഇന്ത്യ– പാക്കിസ്ഥാൻ മത്സരങ്ങൾ നടത്തുന്നത്. 2008ന് ശേഷം ഇന്ത്യ പാക്കിസ്ഥാനിൽ കളിച്ചിട്ടില്ല. 2013ലായിരുന്നു ഇന്ത്യ– പാക്ക് പരമ്പര അവസാനമായി നടന്നത്. പാക്കിസ്ഥാൻ ആതിഥേയരായ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ മാത്രം ദുബായിലാണു നടത്തിയത്.