കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ് വനത്തിൽ കിടന്നത് 3 മണിക്കൂർ; ട്രൈബൽ പ്രമോട്ടർ ഫോൺ എടുത്തില്ല’, കാളിയുടെ മരണത്തിൽ ആരോപണവുമായി കുടുംബം
അട്ടപ്പാടി സ്വർണ്ണ ഗദ്ദ ഉന്നതിയിലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിയെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിൽ ആരോപണവുമായി കുടുംബം. മൂന്നു മണിക്കൂറോളം കാളി പരുക്കേറ്റ് വനത്തിനുള്ളിൽ കിടന്നു എന്ന് ഒപ്പം ഉണ്ടായിരുന്ന മരുമകൻ വിഷ്ണു പറഞ്ഞു. ട്രൈബൽ പ്രമോട്ടർ വിളിച്ചിട്ടും ഫോൺ എടുത്തില്ല എന്നാണ് ആരോപണം.
ഇന്നലെ രാവിലെയാണ് വിറകു ശേഖരിക്കാനായി കാളിയും,മരുമകൻ വിഷ്ണുവും സ്വർണ്ണ ഗദ്ദയിലെ ഉൾക്കാട്ടിലേക്ക് പോയത്. രണ്ട് കാട്ടാനകളാണ് ആക്രമിച്ചതെന്ന് മരുമകൻ വിഷ്ണു ആരോപിക്കുന്നു. കാളിയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അടിയന്തര ധനസഹായം എന്ന നിലയിൽ 5 ലക്ഷം രൂപ വനം വകുപ്പ് ഉടൻതന്നെ കുടുംബത്തിന് കൈമാറും. കാളിയുടെ കുടുംബത്തിൽ ഒരാൾക്ക് വനം വകുപ്പിൽ ജോലി എന്നത് പരിഗണിക്കണമെന്നും ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെടുന്നുണ്ട്.
അതേസമയം, അട്ടപ്പാടി കീരിപ്പാറയിൽ ആനകൾ തമ്മിലുള്ള സംഘർഷത്തിനിടെ ഗുരുതരമായി പരുക്കേറ്റ കൊമ്പൻ ചരിഞ്ഞു. രണ്ടാഴ്ചയോളമായി കൊമ്പൻ പ്രദേശത്ത് അവശനിലയിൽ ആയിരുന്നു. വനം വകുപ്പ് തുടർ നടപടികൾ സ്വീകരിച്ചു.മലപ്പുറം കവളപ്പാറയിൽ ജനവാസ മേഖലയിൽ പരുക്കേറ്റ നിലയിൽ കാട്ടാന തുടരുന്നത് ആളുകൾക്ക് ഭീതി പരത്തുകയാണ്. ആനയെ കാടുകയറ്റാൻ ആവശ്യമായ നടപടിയെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.