പാക് പൗരന്മാര്‍ക്ക് ഇന്ത്യ അനുവദിച്ച വിസ കാലാവധി ഇന്ന് അവസാനിക്കും; എത്രയും വേഗം തിരിച്ചയക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം
പാക് പൗരന്മാര്‍ക്ക് ഇന്ത്യ അനുവദിച്ച വിസ കാലാവധി ഇന്ന് അവസാനിക്കും. രാജ്യത്ത് തുടരുന്ന പാകിസ്താന്‍ പൗരന്‍മാരെ എത്രയും വേഗം തിരികെ അയക്കണമെന്നാണ് സംസ്ഥാനങ്ങള്‍ക്കുള്ള നിര്‍ദ്ദേശം. മെഡിക്കല്‍ വിസയില്‍ എത്തിയ പാക്ക് പൗരന്മാര്‍ അടുത്ത 48 മണിക്കൂറിനകം മടങ്ങണം. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ വിസ കാലാവധി ചുരുക്കിയത്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ വാഗ അതിര്‍ത്തി വഴി പാകിസ്താനില്‍ നിന്ന് 450 ല്‍ അധികം ഇന്ത്യക്കാര്‍ രാജ്യത്ത് തിരിച്ചെത്തി. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയും അതിര്‍ത്തിയില്‍ പാകിസ്താന്‍ പ്രകോപനം തുടരുകയാണ്. ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അതിര്‍ത്തി കടന്നുവെന്ന് ആരോപിച്ച് പാകിസ്താന്‍ റേഞ്ചേഴ്‌സ് പിടികൂടിയ ബിഎസ്എഫ് ജവാനെ വിട്ടു കിട്ടാനുള്ള നടപടികളും തുടരുകയാണ്.
അതേസമയം, കോഴിക്കോട് പാകിസ്താന്‍ പൗരത്വം ഉള്ളവര്‍ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ നോട്ടീസ് പോലീസ് പിന്‍വലിക്കും. ഉന്നത നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. മൂന്നു പേര്‍ക്കാണ് കോഴിക്കോട് റൂറല്‍ പൊലീസ് പരിധിയില്‍ നോട്ടീസ് നല്‍കിയത്. പാക് പൗരന്മാര്‍ ലോങ് ടേം വീസക്ക് അപേക്ഷിച്ചിട്ടുണ്ട്. ഈ അപേക്ഷിച്ച സാഹചര്യത്തില്‍ അവര്‍ക്ക് നല്‍കിയ നോട്ടീസ് പിന്‍വലിക്കുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം.