KeralaTop News

അട്ടപ്പാടിയിൽ കാട്ടാന ആക്രമണം; ആദിവാസി വൃദ്ധന് ഗുരുതര പരുക്ക്

Spread the love

പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണം. സ്വർണ്ണഗന്ധിയിലെ ആദിവാസി വൃദ്ധനെയാണ് കാട്ടാന ആക്രമിച്ചത്. ഇന്ന് ഉച്ചയോടുകൂടിയായിരുന്നു കാളി (60) യെ കാട്ടാന ആക്രമിക്കുന്നത്. വിറക് ശേഖരിക്കാൻ പോയ കാളിയെ കാട്ടാനക്കൂട്ടം ആക്രമിച്ചതാണെന്നാണ് നാട്ടുകാർ പറയുന്നത്. കാളിയുടെ കൈകാലുകൾക്കും നെഞ്ചിലുമാണ് കാട്ടാന ചവിട്ടിയത്. പരുക്ക് ഗുരുതരമാണ്. നിലവിൽ കോട്ടത്തറ ആശുപത്രിയിലുള്ള കാളിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും. പ്രത്യേകം സജ്ജീകരിച്ച ഐസിയു ആംബുലൻസിലായിരിക്കും തൃശൂരിലേക്ക് ഇയാളെ കൊണ്ടുപോകുക. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് ഇയാളെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സ്ഥിരമായി കാട്ടാനകളുടെ സാന്നിധ്യമുള്ള മേഖലയാണ് സുഗന്ധഗന്ധി എന്നാണ് നാട്ടുകാർ പറയുന്നത്. വനം വിട്ട് കാട്ടാനകൾ അട്ടപ്പാടിയിലെ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതും പതിവായിരിക്കുകയാണ്. കാട്ടാനകളെ ഉൾവനത്തിലേക്ക് കാടുകയറ്റി വിടാൻ അടിയന്തര നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.