NationalTop News

യോഗ്യതയില്ലാതെ ചികിത്സ നടത്തി, ജീവൻ അപകടത്തിലാക്കിയെന്ന് കേസ്; യുവാവിന്റെ പരാതിയിൽ ഓർത്തോ സർജൻ അറസ്റ്റിൽ

Spread the love

മുംബൈ: മതിയായ യോഗ്യതയില്ലാതെ ചികിത്സ നടത്തിയ രോഗികളുടെ ജീവൻ അപകടത്തിലാക്കിയെന്നാരോപിച്ച് ഓർത്തോപീഡിക് സർജനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. വൊർളിയിലെ വിവിധ ഫൈവ് സ്റ്റാർ ആശുപത്രികളിൽ ജോലി ചെയ്യുകയായിരുന്ന ഡോ. അതുൽ വാങ്കെഡെയാണ് പിടിയിലായത്. ഇയാൾ വ്യക്തിഗത രേഖകൾ ദുരുപയോഗം ചെയ്ത് ഔദ്യോഗിക തിരിച്ചറിയൽ രേഖകളും പാസ്പോർട്ടും സ്വന്തമാക്കിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഒരു ഫുഡ് ഡെലിവറി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അവിനാഷ് സുരേഷ് എന്ന 24കാരൻ നൽകിയ പരാതിയിന്മേൽ അന്വേഷണം നടത്തിയ പൊലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഡോക്ടറെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. പുറംവേദനയ്ക്ക് ചികിത്സ തേടിയാണ് അവിനാഷ് സുരേഷ് ഡോക്ടറെ സമീപിച്ചത്. ഇയാൾക്ക് 2016 മുതൽ പുറം വേദനയുണ്ടായിരുന്നു. ഡോക്ടറെ കുറിച്ച് ഓൺലൈൻ വഴി അറിഞ്ഞ അവിനാഷ് കഴിഞ്ഞ നവംബർ 19ന് ഡോ. അതുൽ വാങ്കെഡെയെ കാണാനെത്തി. എന്നാൽ വേദനയെ നിസാരവത്കരിച്ച ഡോക്ടർ ചില വേദന സംഹാരികൾ നൽകുകയും വ്യായാമം നിർദേശിക്കുകയും ചെയ്തു.

ഡോക്ടറുടെ ഉപദേശം സ്വീകരിച്ചതോടെ അവിനാഷിന്റെ ആരോഗ്യനില കൂടുതൽ മോശമായി. ഇക്കാര്യങ്ങളെല്ലാം ഒരു സുഹൃത്തുമായി സംസാരിച്ചപ്പോഴാണ് ഡോക്ടർ മറ്റൊരാളുടെ രേഖകൾ ഉപയോഗിച്ചാണ് ആധാർ കാർഡും വോട്ടർ ഐഡിയും പാസ്പോർട്ടും തരപ്പെടുത്തിയതെന്ന വിവരം അവിനാഷിന് ലഭിച്ചത്. മറ്റ് ചില രേഖകളും ഇങ്ങനെ ഡോക്ടർ സ്വന്തമാക്കിയിട്ടുണ്ടെന്നും അറിഞ്ഞു. വ്യാജ രേഖകളെക്കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെ ഡോക്ടറുടെ മെഡിക്കൽ യോഗ്യതകളെക്കുറിച്ചുള്ള വിവരം തേടി യുവാവ് മഹാരാഷ്ട്ര മെഡിക്കൽ കൗൺസിലിനെ സമീപിച്ചു. അപ്പോഴാണ് ഡോക്ടറുടെ 2015 മുതൽ ഡോക്ടറുടെ യോഗ്യതയെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നതായി വിവരം ലഭിച്ചത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.