NationalTop News

റോഡില്‍ പാകിസ്താന്‍ സ്റ്റിക്കറുകൾ ഒട്ടിച്ചു; കർണാടകയിൽ ആറ് ബജ്‌രംഗ്ദൾ പ്രവര്‍ത്തകര്‍ അറസ്റ്റിൽ

Spread the love

കര്‍ണാടകത്തിലെ കാലബുര്‍ഗിയില്‍ റോഡില്‍ പാകിസ്താന്‍ സ്റ്റിക്കർ ഒട്ടിച്ച ആറ് ബജ്‌രംഗ് ദൾ പ്രവർത്തകർ അറസ്റ്റിൽ. ദി ഹിന്ദു ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. കാലബുര്‍ഗിയിലെ ജഗത് സര്‍ക്കിള്‍, സാത് ഗുംബാദ് തുടങ്ങിയ വിവിധ പ്രദേശങ്ങളിലാണ് റോഡില്‍ പാകിസ്താന്റെ പതാക പതിച്ചിരുന്നത്.

ഇന്നലെ രാവിലെ സംഭവം കണ്ട നാട്ടുകാര്‍ പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു. പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധമറിയിച്ചുകൊണ്ടായിരുന്നു ഈ നീക്കം. സംഭവം അറിഞ്ഞ് പൊലീസ് പരിശോധിക്കാൻ എത്തിയപ്പോൾ ബജ്‌രംഗ് ദൾ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. മുൻ‌കൂർ അനുമതിയില്ലാതെ റോഡിൽ പതാക പതിച്ചതിനാണ് പൊലീസ് നടപടിയെടുത്തത്.

സാമൂഹിക വിരുദ്ധരാവാം ഇത് ചെയ്തതെന്നാണ് പൊലിസ് ആദ്യം സംശയിച്ചത്. എന്നാല്‍, പോസ്റ്റര്‍ പതിച്ചത് തങ്ങളാണെന്ന് ചില ബജ്‌റംഗ്ദൾ പ്രവർത്തകർ പറഞ്ഞു. ഇതോടെ പോസ്റ്ററുകളുടെ ഉദ്ദേശ്യം മനസിലാക്കിയ പൊലിസ് ആറു പേരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടർന്ന് വിട്ടയക്കുകയായും ചെയ്‌തു.

പ്രദേശത്ത് വര്‍ഗീയ സംഘര്‍ഷം ഉണ്ടാവാതിരുന്നത് ഭാഗ്യമാണെന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ പറയുന്നു. മുന്‍കൂര്‍ അനുമതിയില്ലാതെയാണ് റോഡില്‍ പതാകകള്‍ പതിച്ചതെന്ന് കമ്മീഷണര്‍ എസ് ഡി ഷര്‍ണാപ്പ പറഞ്ഞു.