തീവ്രവാദി ആക്രമണത്തെ അപലപിക്കുകയാണ് വേണ്ടത്; പാകിസ്താന് വേണ്ടി എന്തിന് സിപിഐഎം കോൺഗ്രസ് നേതാക്കൾ നിലപാടെടുക്കുന്നു: രാജീവ് ചന്ദ്രശേഖർ
സി.പി.ഐഎമ്മിനെയും കോൺഗ്രസിനെയും വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പാകിസ്താന് വേണ്ടി എന്തിന് സിപിഐഎം കോൺഗ്രസ് നേതാക്കൾ നിലപാടെടുക്കുന്നു. തീവ്രവാദി ആക്രമണത്തെ ഒറ്റക്കെട്ടായി അപലപിക്കുകയാണ് വേണ്ടത്. വി.ഡി സതീശനും ബേബിയും ഒന്നും സുരക്ഷാ വിദഗ്ധർ ആകേണ്ടെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.
എസി റൂമിലിരുന്ന് സുരക്ഷയെപ്പറ്റി അഭിപ്രായം പറയേണ്ട. അവിടെ പോകണമെങ്കിൽ ആർമി യൂണിഫോം നൽകാൻ താൻ ശ്രമിക്കാം എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പെഹൽഗാമിലെ ഭീകരാക്രമണത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായി എന്ന് എല്ലാവരും കാണുന്നതല്ലേയെന്ന് എന്ന് രാജീവ് ചന്ദ്രശേഖർ ചോദിച്ചു. പാകിസ്താനി ഭീകവാദികൾ വന്ന് മതംചോദിച്ച് നിരപരാധികളായ സഞ്ചാരികളെ കൊന്നത് നമ്മൾ കണ്ടു. ഇത് എങ്ങനെ നടന്നുവെന്നത് സർക്കാർ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പെഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താനിലെ ഹൈകമ്മീഷനിലെ സുരക്ഷ ഒഴിവാക്കാൻ കേന്ദ്രസർക്കാർ. ഹൈ കമ്മീഷന് മുന്നിലെ പൊലീസ് ബാരിക്കേടുകൾ നീക്കം ചെയ്തു. പാകിസ്താന്‍റെ എക്സ് അക്കൗണ്ടും ഇന്ത്യ മരവിപ്പിച്ചു. ഇന്ത്യയിൽ പാകിസ്താന്‍ എക്സ് അക്കൗണ്ട് ഇനി ലഭിക്കില്ല.