KeralaTop News

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ് ; ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും എക്‌സൈസ് നോട്ടീസ്

Spread the love

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാരായ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും എക്‌സൈസ് നോട്ടീസ്. ഒരാഴ്ചക്കുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. താരങ്ങള്‍ക്ക് ലഹരി കൈമാറി എന്ന് മുഖ്യപ്രതി തസ്ലീമ മൊഴി നല്‍കിയിരുന്നു. പ്രതികളെ എറണാകുളത്ത് എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും.

തസ്ലീമ സുല്‍ത്താനയുടെ ഫോണിലെ ഡാറ്റകളും വാട്‌സ്ആപ്പ് ചാറ്റുകളും ശാസ്ത്രീയ പരിശോധനയിലൂടെ വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. മോഡലുകള്‍ അടക്കമുള്ള ഒട്ടേറെ സ്ത്രീകളുടെ ചിത്രങ്ങള്‍ ഫോണില്‍ നിന്നും കണ്ടെടുത്തു. ഷൈന്‍ ടോം ചാക്കോയുടെ ചാറ്റ് പൂര്‍ണ്ണമായും ഡിലീറ്റ് ചെയ്ത നിലയിലാണ്. നടന്‍ ശ്രീനാഥ് ഭാസിയോട് ഹൈബ്രിഡ് വേണമോ എന്ന് ചാറ്റില്‍ ചോദിക്കുന്നുണ്ട്. ‘ WAIT ‘ എന്നായിരുന്നു ശ്രീനാഥ് ഭാസിയുടെ മറുപടി. അറസ്റ്റില്‍ ആകുന്നതിന് രണ്ടുദിവസം മുന്‍പാണ് തസ്ലീമ ശ്രീനാഥ് ഭാസിയുമായി ചാറ്റ് ചെയ്തത്. തസ്ലീമയുമായി ബന്ധമുണ്ടെന്ന് ഷൈന്‍ ടോം ചാക്കോ കഴിഞ്ഞദിവസം കൊച്ചിയില്‍ പൊലീസിനോട് സമ്മതിച്ചിരുന്നു. തസ്ലീമ ഫോണില്‍ മെസ്സേജ് അയച്ചിരുന്നു എന്ന് നടന്‍ ശ്രീനാഥ് ഭാസിയും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലും സൂചിപ്പിച്ചിരുന്നു. പിടികൂടിയ മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവ് കൂടാതെ മൂന്ന് കിലോ കൂടി തസ്ലീമ എറണാകുളത്ത് എത്തിച്ചു എന്നാണ് എക്‌സൈസിന്റെ കണ്ടെത്തല്‍. ഇത് ആര്‍ക്കൊക്കെ കൈമാറി എന്നറിയാന്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

ഇതിനിടെ സ്വര്‍ണ കടത്തു കേസില്‍ ഇതിന് മുന്‍പ് അറസ്റ്റിലായ വിശദാംശങ്ങള്‍ തസ്ലിമ അന്വേഷണസംഘത്തോട് പങ്കുവെച്ചു. പിടിയിലാകുന്നത് 2017 ല്‍ ഡല്‍ഹിയില്‍ നിന്ന് സ്വര്‍ണം കടത്തുന്നതിനിടയിലാണ്. 5 ദിവസത്തോളം തിഹാര്‍ ജയിലില്‍ കിടന്നു. ശ്രീനാഥ് ഭാസി ഷൈന്‍ ടോം ചാക്കോ എന്നിവരുമായി ലഹരി വില്‍പനയ്ക്ക് അപ്പുറമുള്ള അടുത്ത ബന്ധമുണ്ടെന്നാണ് തസ്ലീമയുടെ മൊഴി.