KeralaTop News

‘കേരളത്തിലെ മതസൗഹാര്‍ദത്തെ കുറിച്ചും സാഹോദര്യത്തെ കുറിച്ചും അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു’; സാദിഖ് അലി ശിഹാബ് തങ്ങള്‍

Spread the love

വിനയംകൊണ്ടും സൗമ്യമായ ഇടപെടല്‍കൊണ്ടും ആളുകളെ സ്വാധീനിക്കാന്‍ കഴിയുന്ന അപൂര്‍വ്വ നേതാക്കളില്‍ മുന്‍നിരയിലുള്ളയാളായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് സാദിഖ് അലി ശിഹാബ് തങ്ങള്‍. മാസങ്ങള്‍ക്ക് മുന്‍പ് നടത്തിയ വത്തിക്കാന്‍ സന്ദര്‍ശനത്തെ കുറിച്ചും അന്ന് ഇന്ത്യയെ കുറിച്ചും കേരളത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചതിനെ കുറിച്ചും സാദിഖ് അലി ശിഹാബ് തങ്ങള്‍ ഓര്‍ത്തെടുത്തു.

ഏറെ സ്‌നേഹത്തോടെയും സൗഹാര്‍ദത്തോടുമുള്ള വരവേല്‍പ്പാണ് വത്തിക്കാനില്‍ ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മാര്‍പാപ്പയുടെ അരമനയുടെ തൊട്ടടുത്ത് തന്നെയുള്ള ഹാളില്‍ വച്ചായിരുന്നു കൂടിക്കാഴ്ചയെന്നും ഓര്‍ത്തെടുത്തു. ഏതാണ്ട് രണ്ട് മണിക്കൂറോളം ഞങ്ങളോട് അദ്ദേഹം സംസാരിച്ചു. സാധാരണ അത്രയും സമയമൊന്നും ഡെലിഗേറ്റുകളോട് സംവദിക്കാന്‍ അദ്ദേഹം നിന്നു കൊടുക്കാറില്ല. ഞങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്, പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ളവരാണ് എന്നതുകൊണ്ടാണ് ആ ഒരു പ്രാധാന്യം ലഭിച്ചത്. കേരളത്തിലെ മതസൗഹാര്‍ദത്തെ കുറിച്ചും സാഹോദര്യത്തെ കുറിച്ചും ബഹുസ്വരതയുടെ പ്രത്യേകതയെ കുറിച്ചുമൊക്കെ അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. തന്റെ സ്‌നേഹവും കാരുണ്യവും കാഴ്ചപ്പാടുകളും പ്രസംഗത്തിലൂടെ അദ്ദേഹം ഞങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി. ലോകത്ത് ഉണ്ടാകേണ്ട പാരസ്പര്യത്തെ കുറിച്ചാണ് അദ്ദേഹം കൂടുതലും സംസാരിച്ചത് – സാദിഖലി തങ്ങള്‍ പറഞ്ഞു.

ഇന്ത്യയിലെ ബഹുസ്വരതയെ കുറിച്ച് മാര്‍പാപ്പ പറഞ്ഞത് തങ്ങള്‍ ഓര്‍ത്തെടുത്തു. ഇന്ത്യയിലെ നാനാത്വത്തില്‍ ഏകത്വത്തെ പ്രകീര്‍ത്തിച്ച് സംസാരിക്കുകയുണ്ടായി. വിവിധ മത വിഭാഗങ്ങള്‍ ഇവിടെ സാഹോദര്യത്തോടെ ജീവിക്കുന്നത്,ഗാന്ധിജിയുടെ സന്ദേശങ്ങള്‍ ഒക്കെ തന്നെ അദ്ദേഹം പങ്കുവച്ചിരുന്നു. രണ്ട് മണിക്കൂറോളം സമയമാണ് അദ്ദേഹത്തോടൊപ്പം ചെലവഴിച്ചത്.
ചടങ്ങിനെത്തിയ വലിയ ആള്‍കൂട്ടത്തെ മുഴുവന്‍ വ്യക്തിപരമായി അഭിവാദ്യം ചെയ്യാന്‍ അദ്ദേഹം സമയം കണ്ടെത്തി. അനാരോഗ്യമോ, ക്ഷീണമോ ആ മുഖത്തുനിന്നും വായിച്ചെടുക്കാന്‍ കഴിയാത്ത വിധത്തിലായിരുന്നു ഓരോരുത്താരോടുമുള്ള സമീപനം. സാഹോദര്യവും മാനവികതയും സ്നേഹവുമായിരുന്നു അദ്ദേഹത്തില്‍ തുളുമ്പിനിന്നിരുന്നത് – സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.