ഷൈന്‍ കേസ് പൊലീസിന് വീണ്ടും നാണക്കേടാകുമോ? രാസ പരിശോധനാ ഫലം നിര്‍ണായകം
കൊക്കെയ്ന്‍ കേസില്‍ കുറ്റവിമുക്തനായി ദിവസങ്ങള്‍ക്കുള്ളിലാണ് നടന്‍ ഷൈന്‍ ടോം ചാക്കോയെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തത്. മറ്റൊരാളെ അന്വേഷിച്ച് കൊച്ചിയിലെ ഹോട്ടലില്‍ എത്തിയ ഡാന്‍സാഫ് സംഘത്തെ കണ്ട് പേടിച്ച് ഷൈന്‍ അതിസാഹസികമായി മുങ്ങുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അപ്രതീക്ഷിതമായി അറസ്റ്റ് ചെയ്തത്. ഷൈന്‍ പലവട്ടം മയക്കുമരുന്ന് ഉപയോഗിച്ചതായി ബോധ്യപ്പെട്ടെന്ന് എഫ്ഐആറില്‍ പറയുന്നു. പക്ഷേ ഈ ബോധ്യംകൊണ്ട് കോടതിയിലേക്ക് പോകാനാകില്ല. അവിടെ തെളിവ് വേണം. അത് പൊലീസിനെ സംബന്ധിച്ച് ഒട്ടും എളുപ്പമല്ല. കാരണം, ഷൈന്‍ ടോം ചാക്കോയില്‍ നിന്ന് ലഹരിപദാര്‍ഥങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ഷൈന് നിരോധിത ലഹരി ഉത്പന്നങ്ങള്‍ നല്‍കിയതായി ആരുടെയും മൊഴിയുമില്ല.
കൊക്കെയ്ന്‍ കേസില്‍ ഷൈന്‍ ടോം ചാക്കോയെ കുറ്റവിമുക്തനാക്കിയ ഉത്തരവില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു, വിചാരണ കോടതി. കൃത്യമായ പരിശോധന നടത്താത്തതും നടപടിക്രമങ്ങള്‍ പാലിക്കാത്തതും ഉള്‍പ്പെടെ പൊലീസിന്റെ സര്‍വത്ര വീഴ്ചകളും കോടതി എണ്ണിപ്പറഞ്ഞു. അതിന്റെ നാണക്കേടില്‍ നിന്ന് കരകയറും മുമ്പാണ് ഷൈനിനെ അറസ്റ്റ് ചെയ്തുകൊണ്ട് കേരള പൊലീസ് വീണ്ടും റിസ്‌ക് എടുത്തിരിക്കുന്നത്.
ഡാന്‍സാഫ് സംഘത്തെ കണ്ടപ്പോള്‍ ഓടിയത് എന്തിനെന്ന് ചോദിക്കാനാണ് എറണാകുളം നോര്‍ത്ത് പൊലീസ് ഷൈന്‍ ടോം ചാക്കോയെ വിളിപ്പിച്ചത്. മൂന്ന് എസിപിമാര്‍ ചുറ്റുമിരുന്നായിരുന്നു 5 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യല്‍. ഡാന്‍സാഫ് സംഘത്തെ ഗുണ്ടകളെന്ന് തെറ്റിദ്ധരിച്ചാണ് ഹോട്ടലില്‍ നിന്ന് ഓടിയതെന്ന് ഷൈന്‍ പറഞ്ഞു. പിന്നീടുള്ള ചോദ്യം ചെയ്യലില്‍ താന്‍ ലഹരി ഉപയോഗിക്കാറുണ്ടെന്നും 12 ദിവസം ലഹരിമുക്തി കേന്ദ്രത്തില്‍ കഴിഞ്ഞിട്ടുണ്ടെന്നുമൊക്കെ ഷൈന്‍ സമ്മതിച്ചു. നഗരത്തിലെ പ്രധാന ഡ്രഗ് ഡീലറായ ഷജീറുമായി ഷൈന്‍ പണമിടപാട് നടത്തിയതിന്റെ തെളിവും പൊലീസിന് ലഭിച്ചു. പക്ഷേ ഷജീറിന് പണം നല്‍കിയത് ലഹരി വാങ്ങാനാണെന്ന് സ്ഥിരീകരിക്കുക പൊലീസിന് എളുപ്പമാകില്ല.
ഇറങ്ങി ഓടിയ ദിവസം ഷൈന്‍ താമസിച്ച മുറിയില്‍ നിന്ന് ലഹരിപദാര്‍ഥങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ഒപ്പമുണ്ടായിരുന്നയാള്‍ ഷൈനെതിരെ മൊഴിയും നല്‍കിയിട്ടില്ല. പക്ഷേ, ലഹരി ഉപയോഗിക്കാനാണ് ഷൈനും സുഹൃത്തും ഹോട്ടലില്‍ അന്നേ ദിവസം മുറിയെടുത്തതെന്ന് പൊലീസ് എഫ്ഐആറില്‍ പറയുന്നു. ഇത് തെളിയിക്കാനും പൊലീസിന് പാടുപെടേണ്ടി വരും. ഗുണ്ടാ ആക്രമണത്തെ ഭയക്കുന്ന ഷൈന്‍ ടോം ചാക്കോ എന്തുകൊണ്ട് പൊലീസിനെ സമീപിച്ചില്ല എന്ന ചോദ്യമാണ് ഇവിടെ പിടിവള്ളി.
കേസ് എടുത്താല്‍ മാത്രമേ, താരത്തെ ഡോപ്പിങ് ടെസ്റ്റിന് വിധേയനാക്കാന്‍ കഴിയൂ എന്നതാണ് തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്തതിനുള്ള മറ്റൊരു വിശദീകരണം. ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിക്കുന്നുവെന്ന് നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍കൂടിയാണ് ഇപ്പോഴത്തെ കേസ്. നടന്റെ മുടിയും നഖവും പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഫലം ലഭിക്കാന്‍ മൂന്ന് മാസം വരെ എടുക്കും. ഈ പരിശോധനാ ഫലമാണ് കേസില്‍ നിര്‍ണായകമാവുക.
ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതിയും ഷൈന്‍, ശ്രീനാഥ് ഭാസി എന്നീ രണ്ട് നടന്മാരുടെ പേര് പറഞ്ഞിരുന്നു. ഹൈബ്രിഡ് കഞ്ചാവ് കേസിലെ അന്വേഷണവും ഇനി ഷൈനിലേക്ക് നീളും. അതേസമയം, സിനിമാ മേഖലയില്‍ പലരും ലഹരി ഉപയോഗിക്കുന്നുണ്ടെന്നും പക്ഷേ പഴി തനിക്കും മറ്റൊരു നടനും മാത്രമാണെന്നും ഷൈന്‍ പൊലീസിനോട് പറഞ്ഞതായാണ് സൂചന. ഇതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്തി വ്യക്തത വരുത്തിയ ശേഷമായിരിക്കും പൊലീസിന്റെ അടുത്ത നീക്കം. ഷൈന്‍ ടോം ചാക്കോയുടെ പേരില്‍ ഒരിക്കല്‍ക്കൂടി കോടതിയില്‍ നിന്ന് വിമര്‍ശനം കേള്‍ക്കാതിരിക്കാന്‍ പഴുതടച്ച നീക്കം തന്നെ വേണ്ടിവരും പൊലീസിന്.
