NationalTop News

രോഗിയുടെ കൂടെയെത്തിയ വയോധികനെ മര്‍ദിച്ച ശേഷം തറയിലൂടെ വലിച്ചിഴച്ചു; മധ്യപ്രദേശില്‍ ഡോക്ടര്‍ക്കെതിരെ കേസ്

Spread the love

മധ്യപ്രദേശിലെ ആശുപത്രിയില്‍ എത്തിയ വൃദ്ധനെ ഡോക്ടര്‍ ക്രൂരമായി മര്‍ദിച്ചു. ചികിത്സയ്‌ക്കെതിയ വൃദ്ധനെ വലിച്ചിഴച്ച് കൊണ്ടുപോയി ആശുപത്രിയുടെ പൊലീസ് ഔട്ട്പോസ്റ്റിലാക്കിയെന്നാണ് പരാതി. ഛത്തര്‍പൂരിലെ ജില്ലാ ആശുപത്രിയില്‍ ആണ് സംഭവം.ഉദവ്ലാല്‍ ജോഷി എന്ന 77 കാരനാണ് മര്‍ദനമേറ്റത്.

ഭാര്യക്ക് ചികിത്സ തേടി ആശുപത്രിയില്‍ എത്തിയപ്പോഴാണ് വയോധികന് നേരെ ഡോക്ടറുടെ ആക്രമണമുണ്ടായത്. ഏപ്രില്‍ 17നാണ് സംഭവം നടന്നത്. ഞരമ്പിന് വേദനയുള്ള ഭാര്യയുമായെത്തിയ വൃദ്ധനോട് ക്യൂവില്‍ കാത്തുനില്‍ക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍ വയോധികന് ക്യൂവില്‍ നില്‍ക്കാന്‍ തയ്യാറായില്ലെന്നും മുന്നോട്ട് ഇടിച്ചുകയറി തന്നെ കാണാനെത്തിയെന്നും രോഗികളെ ഉള്‍പ്പെടെ തള്ളിമാറ്റിയെന്നുമാണ് ഡോക്ടറുടെ വിശദീകരണം. എന്നാല്‍ താന്‍ ക്ഷമയോടെ ക്യൂവില്‍ തന്നെ കാത്തുനില്‍ക്കുകയായിരുന്നുവെന്നും ആ സമയത്താണ് ഡോക്ടര്‍ വന്ന് തന്റെ കരണത്തടിച്ചതെന്നും വൃദ്ധനും പറയുന്നു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രതിഷേധം ഉയര്‍ന്നതോടെ ഡോക്ടര്‍ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു.സംഭവം വിവാദമായതോടെ ഡോക്ടര്‍ക്കെതിരെ ആശുപത്രി അധികൃതര്‍ നടപടിയെടുത്തിട്ടുണ്ട്. വൃദ്ധനെ മര്‍ദ്ധിച്ച ഡോ. രാജേഷ് മിശ്രയുടെ കരാര്‍ റദ്ദാക്കി ഇയാളെ സര്‍വീസില്‍ നിന്നും പുറത്താക്കി. ജില്ലാ കളക്ടര്‍ പാര്‍ത്ഥ ജെയ്‌സ്വാളിന്റെ നിര്‍ദ്ദേശത്തില്‍ ഡോക്ടര്‍ക്കെതിരെ കേസ് എടുത്തു. ആശുപത്രിയുടെ മേല്‍നോട്ട ചുമതലയുള്ള ഡോ. ജി എല്‍ അഹിര്‍ വാറിനെ സസ്‌പെന്റ് ചെയ്തു.