‘ഇങ്ങനെ നീ ഇടയ്ക്കിടയ്ക്ക് ചത്താല്‍ ഞങ്ങളെന്തോന്ന് ചെയ്യുമെടേയ്’; മരണ വാര്‍ത്ത പ്രചരിക്കുന്നതിനെ പരിഹസിച്ച് ജി വേണുഗോപാല്‍
സമൂഹമാധ്യമങ്ങളില്‍ തന്റെ മരണ വാര്‍ത്ത പ്രചരിക്കുന്നതിനെ പരിഹസിച്ച് ഗായകന്‍ ജി വേണുഗോപാല്‍. ഒരു വര്‍ഷത്തില്‍ രണ്ടു തവണ മരണം തേടിയെത്തിയ ഭാഗ്യവാനായിരിക്കുന്നു താന്‍ എന്ന മുഖവുരയോടെയാണ് സൂമൂഹ്യ മാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവച്ചത്.
അങ്ങനെ ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ ഭാഗ്യവാനായിരിക്കുന്നു ഈ ഞാന്‍?. ഇപ്പോള്‍, കാഷ്മീരിലെ സോന്‍മാര്‍ഗ്, ഗുല്‍മാര്‍ഗ്, പെഹല്‍ഗാം എന്നിവിടങ്ങളില്‍ ട്രെക്കിംഗും, മഞ്ഞ് മലകയറ്റവും എല്ലാം കഴിഞ്ഞ് ശ്രീനഗറില്‍ ഭാര്യയുമൊത്ത് തിരിച്ചെത്തിയപ്പോഴാണ് ഈയൊരു വാര്‍ത്ത എന്റെ മോഡല്‍ സ്‌കൂള്‍ ഗ്രൂപ്പിലെ സുഹൃത്തുക്കള്‍ ‘ ഇങ്ങനെ നീ ഇടയ്ക്കിടയ്ക്ക് ചത്താല്‍ ഞങ്ങളെന്തോന്ന് ചെയ്യുമെടേയ്’ എന്ന ശീര്‍ഷകത്തോടെ അയച്ച് തന്നത്. ഇനി ഞാന്‍ ഉടനെയൊന്നും മരിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്ര സമ്മേളനം നടത്തണോ എന്ന് നിങ്ങള്‍ ഉപദേശിക്കണേ – ജി വേണുഗോപാല്‍ കുറിച്ചു.