ലഹരി കേസ്; നടൻ ഷൈൻ ടോം ചാക്കോ നാളെ പൊലീസ് സ്റ്റേഷനിൽ ഹാജരാവും
NDPS കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോ നാളെ നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാവും. ഷൈനെ വിശദമായി ഒരു തവണ കൂടി ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായാണ് നോട്ടീസ് നൽകിയത്. സജീറുമായി ഷൈൻ ലഹരി ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്.
ഷൈനൊപ്പം പ്രതിചേർക്കപ്പെട്ട കോഴിക്കോട് സ്വദേശിയെയും പൊലീസ് ചോദ്യം ചെയ്യും. നടന്റെ അറസ്റ്റോടുകൂടി സിനിമ മേഖലയിൽ പരിശോധനകൾ കൂടുതൽ കർശനമാക്കാനാണ് പൊലീസിന്റെ നീക്കം. അഞ്ച് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് ഇന്നലെ കൊച്ചി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം ഷൈൻ ടോം ചാക്കോയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയത്.
ഷൈൻ ടോം ചാക്കോ പലതവണ ലഹരിമരുന്ന് ഉപയോഗിച്ച ആളെന്നാണ് എഫ്ഐആർ. ഡ്രഗ് ഡീലർ സജീറുമായി ഇരുപതിനായിരം രൂപയുടെ ഇടപാട് നടത്തിയ തെളിവുകളും പൊലീസിന് ലഭിച്ചു. ലഹരി ഉപയോഗിച്ചതിനും ഗൂഢാലോചനയ്ക്കുമാണ് NDPS നിയമത്തിലെ 27, 29 വകുപ്പുകൾ പ്രകാരമായിരുന്നു എറണാകുളം നോർത്ത് പൊലീസ് കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ലഹരി ഉപയോഗം സ്ഥരീകരിക്കുന്നതിന് ആന്റി ഡോപ്പിങ് പരിശോധന നടത്തും. ഇതിനായി ശാസ്ത്രീയ പരിശോധന നടത്താൻ ഷൈൻ ടോം ചാക്കോയുടെ മുടിയും നഖവും ശേഖരിച്ചിട്ടുണ്ട്.