32 ചോദ്യങ്ങൾ, ഷൈൻ ടോമിനോട് എണ്ണിയെണ്ണി ചോദിക്കാൻ പൊലീസ്
നടൻ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ പ്രത്യേക ചോദ്യാവലി തയാറാക്കി പൊലീസ്. 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് തയാറാക്കിയത്.
ഡാൻസാഫ് പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്നിറങ്ങി ഓടിയതിനെക്കുറിച്ച് ഇഴകീറി ചോദിക്കാനാണ് നീക്കം.
ഷൈൻ ടോം ചാക്കോയുടെ കഴിഞ്ഞ ഒരു മാസത്തെ ഫോൺ കോളുകളും യാത്രാ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സമീപകാലത്ത് ഷൈൻ നഗരത്തിൽ താമസിച്ച ഹോട്ടലുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. രക്ഷപെട്ട ശേഷം ഷൈൻ താമസിച്ച ഹോട്ടലിലെ സിസിടിവി യും പൊലീസ് എടുത്തിട്ടുണ്ട്. ഷൈനിൻ്റെ ചോദ്യം ചെയ്യൽ വിഡിയോയിൽ ചിത്രീകരിക്കും. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ പട്ടികയും പൊലീസ് ശേഖരിച്ചു.
ഷൈനെ സെൻട്രൽ എസിപി ജയകുമാറിന്റെ നേതൃത്വത്തിൽ ഉച്ചയ്ക്കാണ് ചോദ്യം ചെയ്യുന്നത്. പരിശോധനയ്ക്കിടെ എന്തിനാണ് ഇറങ്ങി ഓടിയത് എന്നതിലാണ് ചോദ്യം
ചെയ്യൽ.
ഷൈൻ ടോം ചാക്കോയ്ക്കെതിരെ കേസും പരാതിയും ഇല്ലെങ്കിലും ലഹരി പരിശോധനയ്ക്കിടെ ഓടിക്കളഞ്ഞ നടന്റെ നീക്കത്തിൽ പൊലീസ് ദുരൂഹത സംശയിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് നോട്ടീസ് നൽകി വിളിച്ചുവരുത്തുന്നത്. അന്വേഷണത്തോട് സഹകരിക്കുമെന്ന് ഷൈന്റെ കുടുംബം അറിയിച്ചിരുന്നു. നഗരത്തിലെ പ്രധാന ലഹരി വിൽപ്പനക്കാരനെ തേടിയാണ് പൊലീസ്
ഷൈൻ ടോം ചക്കോയുടെ ഹോട്ടൽ മുറിയിൽ പരിശോധനയ്ക്ക് എത്തിയത്.
അതേസമയം ലഹരി ആരോപണവുമായി ബന്ധപ്പെട്ട നടി വിൻസിയുടെ പരാതിയിൽ ഷൈൻ ടോം ചാക്കോയുടെ വിശദീകരണം ലഭിച്ച ശേഷം നടപടി എടുക്കാനാണ് താരസംഘടനയായ അമ്മയുടെ തീരുമാനം. ഷൈൻ ടോം ചാക്കോയ്ക്കെതിരെ അമ്മ കടുത്ത നടപടി തന്നെ സ്വീകരിച്ചേക്കും.സംഘടനാ അഡ്ഹോക്ക് കമ്മിറ്റി ഭാരവാഹികളാകും ഷൈനിൽ നിന്ന് വിശദീകരണം തേടി നടപടിക്ക് ശിപാർശ ചെയ്യുക. ഫിലിം ചേമ്പറും തിങ്കളാഴ്ച അടിയന്തര യോഗം ചേരും.
