ഷൈൻ ടോം ചാക്കോ കേസ്; പരാതി ഇല്ലെങ്കിലും എക്സൈസ് സ്വന്തം നിലയിൽ കേസ് അന്വേഷിക്കും, മന്ത്രി എം ബി രാജേഷ്
നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ പരാതി ഇല്ലെങ്കിലും എക്സൈസ് സ്വന്തം നിലയിൽ കേസ് അന്വേഷിക്കുമെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ്. നിലവിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസ് അന്വേഷിക്കും. പരാതിയിൽ തുടർനടപടികൾക്ക് താല്പര്യമില്ലെന്ന് നടിയുടെ കുടുംബം അറിയിച്ചിരുന്നു.സിനിമ സെറ്റ് പവിത്രമായ സ്ഥലമല്ലെന്നും മന്ത്രി എം ബി രാജേഷ് കൂട്ടിച്ചേർത്തു.
അതേസമയം, ഷൈൻ ടോം ചാക്കോ എത്രയും വേഗം ഹാജരാവണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് അയക്കും. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനക്കിടെ ഹോട്ടലിൽ നിന്ന് എന്തിന് ഓടിപ്പോയെന്ന് താരം വിശദീകരിക്കേണ്ടി വരും.
ഷൈനിനെതിരെ സിനിമ സഘടനകളും കടുത്ത നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് . ഷൈനിന്റെ വിശദീകരണം കൂടി കേട്ട ശേഷമാകും നടപടി എടുക്കുക. ഫിലിം ചേംബർ പ്രൊഡ്യൂസേർസ് അസോസിയേഷൻ, ‘അമ്മ’ എന്നീ സംഘടനകൾക്കാണ് നടി വിൻസി അലോഷ്യസ് പരാതി നൽകിയിട്ടുള്ളത്. താര സംഘടനയായ ‘അമ്മ’യിൽ നിന്ന് ഷൈൻ ടോം ചക്കോയെ സസ്പെൻഡ് ചെയ്യാൻ സാധ്യതയുണ്ട്. സൂത്രവാക്യം എന്ന സിനിമ സെറ്റിൽ നടൻ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറി എന്നായിരുന്നു വിൻസി അലോഷ്യസിന്റെ പരാതി.