KeralaTop News

സിനിമാ സിറ്റുകളിൽ കൂടുതൽ പരിശോധന നടത്തും, നടിയുടെ വെളിപ്പെടുത്തൽ ഗുരുതരം; എം ബി രാജേഷ്

Spread the love

നടിയുടെ വെളിപ്പെടുത്തൽ ഗുരുതരമെന്ന് മന്ത്രി എം ബി രാജേഷ്. ഗൗരവമായി തന്നെ അതിനെ കാണുന്നു. വിശദമായി എക്സൈസ് അന്വേഷിക്കും. നടൻ മോശമായി പെരുമാറിയത് പൊലീസ് അന്വേഷിക്കും. സിനിമാ സിറ്റുകളിൽ കൂടുതൽ പരിശോധനകൾ നടത്തും. പരിശോധനയ്ക്ക് മറ്റ് പ്രശ്നങ്ങളൊന്നും തന്നെയില്ല. പരിശോധന കൂടിയപ്പോൾ ലഹരിയുടെ വിതരണം കുറഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.

ഏതെങ്കിലും വ്യക്തി എന്നതിന്റെ അടിസ്ഥാനത്തിലല്ല വരുന്ന പരാതിയുടെയും ലഭിക്കുന്ന വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുകയെന്നും മന്ത്രി എം ബി രാജേഷ് അറിയിച്ചു.മുൻപത്തെ ലഹരികേസിൽ ഷൈൻ ടോം ചാക്കോയെ വെറുതെ വിട്ടത് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ച കണക്കിലെടുത്തായിരുന്നെന്നും മന്ത്രി പറഞ്ഞു.

അത് യുഡിഎഫ് സർക്കാരിന്റെ സമയത്തായിരുന്നെന്നും ആ കേസുമായി ബന്ധപ്പെട്ട് കോടതി പൊലീസിനെ വിമർശിച്ചിരുന്നെന്നും മന്ത്രി പറഞ്ഞു. പിണറായി സർക്കാർ ആ കേസിൽ ഉത്തരവാദി അല്ലെന്നും അക്കാര്യം നിയമസഭയിൽ താൻ വ്യക്തമാക്കിയതാണെന്നും എം ബി രാജേഷ് പറഞ്ഞു. അതിനിടെ നടി വിൻസി അലോഷ്യസ് പരാതി പറഞ്ഞത് നടൻ ഷൈൻ ടോം ചാക്കോയെക്കുറിച്ചാണെന്ന റിപ്പോർട്ട് പുറത്ത് വന്നിരുന്നു.

ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നൽകി. പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും. സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്നായിരുന്നു വിൻസിയുടെ പരാതി.