Wednesday, April 23, 2025
NationalTop News

വഖഫ് നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

Spread the love

വഖഫ് ഭേദഗതി നിയമത്തിന്റെ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. പുതിയ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നത്.

മുസ്ലിം വ്യക്തി നിയമ ബോര്‍ഡും, കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, സിപിഐ, ഡിഎംകെ, ടിഎംസി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുമാണ് പ്രധാന ഹര്‍ജിക്കാര്‍. കേന്ദ്ര സര്‍ക്കാരും തടസ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍,കെ.വി. വിശ്വനാഥന്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. ഹര്‍ജിയില്‍ തങ്ങളുടെ വാദം കേള്‍ക്കാതെ ഉത്തരവിടരുതെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. വഖഫ് നിയമത്തെ പിന്തുണച്ച് ബിജെപി ഭരിക്കുന്ന ആറ് സംസ്ഥാനങ്ങളും സുപ്രീം കോടതിയ സമീപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിക്കായിരിക്കും ഹര്‍ജി കോടതി പരിഗണിക്കുക.

65ഓളം ഹര്‍ജികളാണ് സുപ്രീം കോടതിക്ക് മുന്നിലുള്ളത്. വഖഫുകള്‍ – അവയുടെ സ്ഥാപനം, മാനേജ്‌മെന്റ്, ഭരണം എന്നിവ ഇസ്ലാമിന്റെ ആചാരത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, വഖഫ് ഭേദഗതി നിയമത്തിന് എതിരെ മുസ്ലിം ലീഗിന്റെ മഹാറാലി ഇന്ന് കോഴിക്കോട് കടപ്പുറത്ത് നടക്കും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വൈകുന്നേരം 3 മണിക്ക് റാലി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ലീഗ് ദേശീയ – സംസ്ഥാന നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. വഖഫ് ഭേദഗതി നിയമത്തിന് എതിരെ ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും വലിയ റാലിയായിരിക്കും ഇതെന്നാണ് മുസ്ലിം ലീഗിന്റെ അവകാശവാദം.