Thursday, April 24, 2025
Latest:
KeralaTop News

മുതലപ്പൊഴി പ്രതിസന്ധി; മന്ത്രിതല ചർച്ച ഇന്ന്

Spread the love

മുതലപ്പൊഴിയിലെ പ്രതിസന്ധിയുടെ ബന്ധപ്പെട്ട മന്ത്രിതല ചർച്ച ഇന്ന്. ഉച്ചയ്ക്ക് 2.30 നാണ് മത്സ്യത്തൊഴിലാളികളും ഫിഷറീസ് മന്ത്രി സജി ചെറിയാനും തമ്മിൽ കൂടിക്കാഴ്ച നടക്കുക. വിഷയത്തിൽ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. മുതാലപ്പൊഴിയിലെ മണൽ നീക്കത്തിൽ സർക്കാർ ഇടപെടൽ മന്ത്രി വിശദീകരിക്കും. ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം.

മുതലപ്പൊഴി അഴിമുഖത്ത് മണൽ അടിഞ്ഞുള്ള പ്രതിസന്ധിയിൽ പ്രതിഷേധം ശക്തമാണ്. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് മണലടിഞ്ഞ് പൊഴിമുഖം പൂർണമായും അടഞ്ഞതോടെ കടലിൽ പോകാൻ കഴിയാത്ത അവസ്ഥയിലാണ് മത്സ്യത്തൊഴിലാളികൾ. വർഷങ്ങൾക്കുശേഷമാണ് മുതലപ്പൊഴി പൂർണമായും മണലടിഞ്ഞ് പൊഴിമുഖം അടയുന്നത്.

കഴിഞ്ഞ സെപ്റ്റംബർ മുതൽ മുതലപ്പൊഴിയിൽ ഡ്രെജ്ജിങ് മുടങ്ങിയതോടെയാണ് ഇപ്പോൾ മണൽ മൂടി പൊഴി അടഞ്ഞത്. കായലിൽനിന്ന് വള്ളങ്ങൾ കടലിലേക്കിറക്കാനാകാത്തതാണ് വെല്ലുവിളി സൃഷ്ടിക്കുന്നത്. ഇപ്പോൾ ജെസിബി ഉപയോഗിച്ചും സ്വകാര്യ കമ്പനിയുടെ ഡ്രെജ്ജറുപയോഗിച്ചും മണ്ണുനീക്കം നടക്കുന്നുണ്ട്. നീക്കുന്നതിനെക്കാൾ മണ്ണ് പൊഴിയിൽ അടിയുന്നതാണ് പൊഴി സ്ഥിരമായി അടയാൻ കാരണമായത്. നിലവിൽ ചെറിയ വള്ളങ്ങൾ ട്രാക്ടറുപയോഗിച്ചാണ് കടലിലേക്കിറക്കുന്നത്.

മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിന് പിന്നാലെ അടിയന്തര നീക്കവുമായി സർക്കാർ മുന്നോട്ട് വന്നു. നിലവിലെ ഡ്രെജ്ജിങ്ങിന് വേഗം പോരാ എന്ന വിലയിരുത്തലിലാണ് സർക്കാർ. അതിന്റെ അടിസ്ഥാനത്തിൽ മണൽ നീക്കം ഇരട്ടിയാക്കാൻ കരാറുകാരന് നിർദേശം നൽകി. നിലവിൽ ഒരു ദിവസം നീക്കുന്നത് 2,000 ക്യുബിക് മീറ്റർ മണൽ മാത്രമാണ്.
ഇത് ഇരട്ടിയാക്കണമെന്ന് ഫിഷറീസ് വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. മണൽ നീക്കത്തിന് കൂടുതൽ സംവിധാനങ്ങൾ ഒരുക്കാനും ധാരണയായി. ഇതിനായി മാരിടൈം ബോർഡിൻ്റെ ഡ്രെജ്ജർ കൂടി മുതലപ്പൊഴിയിൽ എത്തിക്കും. കൂടുതൽ കമ്പനികൾക്ക് മണൽ നീക്കാൻ കരാർ നൽകാൻ നടപടികൾ തുടങ്ങി.