Wednesday, April 23, 2025
KeralaTop News

വഖഫ് നിയമ ഭേദഗതി: ‘കേന്ദ്ര സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം; മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ചു’ ; പി കെ കുഞ്ഞാലിക്കുട്ടി

Spread the love

വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മുനമ്പത്തെ വഖഫ് ഭൂമി തര്‍ക്കവും വഖഫ് ഭേദഗതി നിയമവും തമ്മില്‍ ബന്ധമില്ലെന്ന് കേന്ദ്രമന്ത്രി തന്നെ തുറന്ന് പറഞ്ഞു. മുനമ്പത്തെ ജനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ വഞ്ചിച്ചെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പുണ്യമാര്‍ഗത്തില്‍ അവനവന്റെ സമ്പാദ്യം അര്‍പ്പിക്കാനുള്ള അവകാശമാണ് വഖഫ്. അതില്‍ സംസ്ഥാനത്തിനോ രാജ്യത്തിനോ ഒന്നും ഒരു നഷ്ടവുമില്ല. ആ അവകാശമാണ് ഹനിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് ഇത് മതപരമായ വിശ്വാസത്തിന്റെ ഭാഗം കൂടിയാണ്. ഭരണഘടനയിലുള്ള ഇത്രയും മഹത്തായ ഒരു കാര്യത്തിനെതിരായി എല്ലാ മതേതര പാര്‍ട്ടികളും പോരാടുകയാണ്. അചതിന്റെ ഭാഗമായാണ് ഞങ്ങളും റാലി നടത്തുന്നത് – കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഭേദഗതിയിലൂടെ ആദിവാസികളുടെയും മുസ്ലിം സ്ത്രീകളുടെയും സ്വത്ത് സംരക്ഷിക്കുമെന്നത് പച്ചക്കള്ളമാണെന്ന് അദ്ദേഹം പറഞ്ഞു. ആരും ആരുടെയും ഭൂമി തട്ടിയെടുക്കുന്നില്ലെന്ന് പറഞ്ഞ കേന്ദ്രം മതപരമായ അവകാശത്തില്‍ കൈവച്ചു. വര്‍ഗീയത ഊതി വീര്‍പ്പിക്കുന്നു. ഭരണഘടന നല്‍കിയ അവകാശം ഇല്ലാതാക്കുന്നു – അദ്ദേഹം വ്യക്തമാക്കി.

മുനമ്പത്തെ ജനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു വഞ്ചിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മുനമ്പവും വഖഫ് നിയമവും തമ്മില്‍ ബന്ധമില്ലെന്ന് കേന്ദ്ര മന്ത്രി തന്നെ തുറന്ന് പറഞ്ഞു. മുനമ്പം വിഷയം രമ്യമായി പരിഹരിക്കാന്‍ കഴിയും. അതിനുള്ള സംവിധാനം സംസ്ഥാനത്തുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കോലിടാതിരുന്നാല്‍ മതി. കേന്ദ്ര മന്ത്രി പറഞ്ഞതുപോലെ സുപ്രീംകോടതിയില്‍ പോകേണ്ടതില്ല. കേസെടുത്താലും പ്രതിഷേധം തുടരും. മതേതര പാര്‍ട്ടികളുടെ കൂട്ടായ്മ ഉണ്ടാകും. എന്‍ഡിഎ ഘടകകക്ഷികള്‍ പോലും നിയമത്തെ എതിര്‍ക്കുന്നുണ്ട്. വഖഫ് നിയമ ഭേദഗതിക്കെതിരെ നിയമപരമായും രാഷ്ട്രീയമായും പോരാടും. കോഴിക്കോട് കടപ്പുറത്തെ പ്രക്ഷോഭം വന്‍ വിജയമാകും – കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി