പവർഫുൾ പഞ്ചാബ്, ചാഹലിന് 4 വിക്കറ്റ്; കൊല്‍ക്കത്തയെ 16 റൺസിന് തോൽപ്പിച്ചു
ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിന് ത്രസിപ്പിക്കുന്ന ജയം. കൊൽക്കത്തയെ 16 റൺസിന് തോൽപ്പിച്ചു. 112 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന കൊല്‍ക്കത്ത 15.1 ഓവറില്‍ 95 റൺസിന് എല്ലാവരും പുറത്തായി. 28 പന്തില്‍ 37 റൺസ് നേടിയ രഘുവൻഷിയാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. നാല് ഓവറില്‍ 28 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ യൂസ്‌വേന്ദ്ര ചാഹലാണ് വിജയശിൽപി. 30 റൺസ് നേടിയ പ്രഭ്‌സിമ്രാൻ സിംഗാണ് പഞ്ചാബിന്റെ ടോപ് സ്‌കോറർ. പ്രിയാൻഷ് ആര്യ 22 റൺസെടുത്തു.
നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പഞ്ചാബ് 15.3 ഓവറില്‍ 111 റൺസിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ ഹർഷിത് റാണ, രണ്ട് വിക്കറ്റ് വീതം നേടിയ വരുണ്‍ ചക്രവർത്തി, സുനിൽ നരെയ്ന്‍ എന്നിവരാണ് പഞ്ചാബിനെ തകർത്തത്.
പഞ്ചാബ് കിംഗ്സ് ഉയര്‍ത്തിയ 112 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത കൊൽക്കത്തയ്ക്ക് മോശം തുടക്കമായിരുന്നു. ഏഴ് റൺസിനിടയിൽ അവര്‍ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. സുനിൽ നരെയ്ന്‍ (5), ക്വിന്റൺ ഡി കോക്ക് (2) എന്നിവര്‍ക്ക് തിളങ്ങാൻ സാധിച്ചില്ല. പിന്നീട് അജിൻക്യ രഹാനെ (17) – രഘുവൻഷി സഖ്യം 55 റൺസ് കൂട്ടിച്ചേർത്ത് കളി ഏകപക്ഷീയമാക്കി. എങ്കിലും എട്ടാം ഓവറിൽ രഹാനെ യൂസ്‌വേന്ദ്ര ചാഹലിന്റെ പന്തില്‍ എൽബിഡബ്ല്യുവായി മടങ്ങി.
വെങ്കടേഷ് അയ്യർക്കും (7) തിളങ്ങാനായില്ല. ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ പന്തില്‍ എൽബിഡബ്ല്യുവായി മടങ്ങുകയായിരുന്നു. റിങ്കു സിംഗിനെ (2) ചാഹൽ വിക്കറ്റ് കീപ്പർ സ്റ്റംപ് ചെയ്ത് പുറത്താക്കി. തൊട്ടടുത്ത പന്തിൽ രമൺദീപ് സിംഗും (0) ചാഹലിന്റെ പന്തിൽ ശ്രേയസ് അയ്യർക്കുള്ള ക്യാച്ചിലൂടെ പുറത്തായി. ഏഴിന് 76 എന്ന നിലയിലായി കൊൽക്കത്ത.
തുടർന്ന് എത്തിയ ഹർഷിത് റാണ (3)യും വൈഭവ് അറോറ (0)യും വലിയ പ്രതീക്ഷ നൽകാതെ മടങ്ങി. 95 റൺസെന്ന നിലയിൽ ഒമ്പത് വിക്കറ്റുകൾക്ക് പിന്നിലായപ്പോൾ അവസാന പ്രതീക്ഷ ആന്ദ്രെ റസ്സലിലായിരുന്നു. എന്നാൽ 16-ാം ഓവറിന്റെ ആദ്യ പന്തിൽ റസ്സലിനെ (17) ബൗള്‍ഡ് ചെയ്ത് മാർക്കോ ജാൻസൻ പഞ്ചാബിന് വിജയം സമ്മാനിച്ചു.