കോട്ടയത്ത് അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം; കുടുംബാംഗങ്ങളുടെ വിശദമായ മൊഴി രേഖപ്പെടുത്താൻ പൊലീസ്
കോട്ടയം നീർക്കാട് അഭിഭാഷകയായ ജിസ്മോളും മക്കളും പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദമായ മൊഴി രേഖപ്പെടുത്താൻ പൊലീസ്. ഭർത്താവ് ജിമ്മിയുടെയും കുടുംബാംഗങ്ങളുടെയും മൊഴി വിശദമായി രേഖപ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളത്. കുടുംബ പ്രശ്നമാണോ ആത്മഹത്യയിലേക്ക് നയിച്ചത് എന്നകാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
ഭർത്താവിൻറെ വീട്ടിൽ കടുത്ത മാനസിക സമ്മർദ്ദം ജിസ്മോൾ അനുഭവിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഈ പശ്ചാത്തലത്തിലാണ് ഭർത്താവ് ജിമ്മിയുടെയും വീട്ടിലുള്ളവരുടെയും മൊഴി വിശദമായി രേഖപ്പെടുത്താൻ ഏറ്റുമാനൂർ പൊലീസ് തീരുമാനിച്ചത്. ജിസ്മോളുടെ കുടുംബാംഗങ്ങളുടെ മൊഴിയും രേഖപ്പെടുത്തും.ബന്ധുക്കളിൽ ചിലരുടെ മൊഴി ഇതിനോടകം പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വർഷം മുൻപ് ഉണ്ടായ പ്രശ്നം വീട്ടുകാർ പറഞ്ഞു തീർത്തിരുന്നു എന്നാണ് വിവരം.
പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റും. വിദേശത്തുള്ള അച്ഛനും സഹോദരനും വന്നതിന് ശേഷമാകും സംസ്കാര ചടങ്ങുകൾ നടത്തുക. ആത്മഹത്യക്ക് മുമ്പ് ജിസ്മോൾ കൈ നരമ്പ് മുറിച്ചിരുന്നതായും മക്കൾക്ക് വിഷം നൽകിയതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. പോസ്റ്റ്മോർട്ടം കഴിയുന്നതോടെ ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരും.