മാസപ്പടി കേസ്; SFIO കുറ്റപത്രത്തില്‍ തുടര്‍നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ
സിഎംആര്‍എല്‍ – എക്‌സാലോജിക് കരാറിലെ എസ്എഫ്‌ഐഒ അന്തിമ റിപ്പോര്‍ട്ടില്‍ തൽസ്ഥിതി തുടരാൻ ഹൈക്കോടതി ഉത്തരവ്.കമ്പനി നിയമമനുസരിച്ച് നടപടി സ്വീകരിക്കാനാകുമോയെന്ന് സംശയം പ്രകടിപ്പിച്ചാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്.
മാസപ്പടി കേസിൽ നിലവിലെ സ്ഥിതി തുടരാന്‍ ഹൈക്കോടതി അവധിക്കാല ബെഞ്ചാണ് നിര്‍ദേശം നൽകിയത്. എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിനെതിരെ സിഎംഎആര്‍എല്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് നോട്ടീസയച്ചു. എസ്എഫ്‌ഐഒ ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ അഞ്ചാഴ്ചയ്ക്കകം മറുപടി നല്‍കണം. ഹര്‍ജി അവധിക്കാലത്തിന് ശേഷം ഹൈക്കോടതി പരിഗണിക്കും.
എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് ഫയലില്‍ സ്വീകരിക്കാന്‍ കോടതിക്ക് കഴിയുമെന്നും കമ്പനി നിയമത്തിലെ നടപടിക്രമം അനുസരിച്ചാണ് കേസെടുത്തതെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. ക്രിമിനല്‍ നടപടിക്രമം അനുസരിച്ചല്ല കോടതിയിലെ നടപടികള്‍ എന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മറുപടി. എന്നാല്‍ ഈ വാദങ്ങള്‍ ഹൈക്കോടതി അംഗീകരിച്ചില്ല. പ്രതിചേര്‍ക്കപ്പെട്ടവരുടെ വാദം കേള്‍ക്കാതെയാണ് വിചാരണക്കോടതി തീരുമാനമെടുത്തതെന്നായിരുന്നു ഹര്‍ജിയില്‍ സിഎംആര്‍എല്ലിന്റെ വാദം.
അതേസമയം, എസ്എഫ്ഐ ഒ നടപടികൾ തടസ്സമില്ലാതെ മുന്നോട്ടുപോകുമെന്ന് പരാതിക്കാരൻ ഷോൺ ജോർജ് പ്രതികരിച്ചു.