അതിരപ്പിള്ളിയിലെ കാട്ടാന ആക്രമണം; പ്രതിഷേധവുമായി കോണ്‍ഗ്രസ്; കലക്ടര്‍ എത്താതെ മൃതദേഹം വിട്ട് നല്‍കില്ലെന്ന് നിലപാട്
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. കലക്ടര്‍ എത്താതെ മൃതദേഹം വിട്ട് നല്‍കില്ല എന്നാണ് കോണ്‍ഗ്രസ് നിലപാട്. മരണങ്ങള്‍ ആവര്‍ത്തിക്കുന്നുവെന്നും സര്‍ക്കാരോ വനം വകുപ്പോ ജാഗ്രത പാലിക്കുന്നില്ലെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു. ആദിവാസികള്‍ പോകുന്നത് ഉപജീവനത്തിനായി. ആധുനിക സൗകര്യങ്ങള്‍ ഉപയോഗിച്ച് മുന്നറിയിപ്പ് നല്‍കാന്‍ നടപടി വേണം. സാങ്കേതിക നടപടികള്‍ സ്വീകരിക്കുന്നില്ല. ഭരണകൂടം നിഷ്‌ക്രിയമാണ് – അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അതിരപ്പിള്ളിയില്‍ രണ്ടുപേരുടെ മരണത്തിനിടയാക്കിയത് കാട്ടാന ആക്രമണം തന്നെയാണോ എന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. വനത്തിലെ മരണങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി. അതിരപ്പിള്ളി പ്രദേശത്തും സമീപ പ്രദേശത്തും വന മേഖലയില്‍ ഉണ്ടായ അസാധാരണ മരണങ്ങള്‍ സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നിര്‍ദേശം നല്‍കിയെന്നാണ് വനം-വന്യജീവി വകുപ്പ് മന്ത്രിയുടെ ഓഫീസ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നത്.
വാഴച്ചാല്‍ ഉന്നതിയിലെ സതീഷ്, അംബിക ദമ്പതികള്‍ കഴിഞ്ഞ മൂന്ന് ദിവസമായി കാട്ടിനകത്തു കുടില്‍ കെട്ടി തേന്‍ ശേഖരിച്ചു വരികയാരുന്നു. രണ്ടു പേരെയും കാണാനില്ലെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് വനം സ്റ്റാഫ് സ്ഥലത്തെത്തി പരിശോധിച്ചതില്‍, സംശയാസ്പദമായ സാഹചര്യത്തില്‍ സതീശന്റെ മൃതദേഹം കണ്ടെത്തി. അംബികയുടെ ശരീരം പോലീസ് എത്തി പുഴയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് അന്വേഷിച്ചു വരുന്നു. മരണകാരണം സ്ഥീരീകരിക്കേണ്ടതുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് – വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.