വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം; മൂർഷിദാബാദിൽ അച്ഛനെയും മകനെയും കൊലപ്പെടുത്തിയ 2 പേർ പിടിയിൽ
പശ്ചിമ ബംഗാൾ മുർഷിദാബാദ് ധുലിയാനിലെ വഖഫ് നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിൽ അച്ഛനും മകനും മരിച്ച സംഭവത്തിൽ 2 പേർ പിടിയിൽ. കാലു, ദിൽദാർ എന്നീ സഹോദരന്മാരാണ് അറസ്റ്റിലായത്.സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയത്.ഐബി, സിഐഡി, എസ്ടിഎഫ് എന്നിവരടങ്ങുന്ന പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. കലാപത്തിനിടെ അഭ്യൂഹങ്ങൾ പ്രചരിപ്പിച്ച 1093 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൊലീസ് ബ്ലോക്ക് ചെയ്തു.
അതേസമയം, പശ്ചിമ ബംഗാളിലെ മൂർഷിദാബാദിലും ഭാൻഗറിലും ഉണ്ടായ കലാപങ്ങൾക്ക് ബംഗ്ലാദേശ് ബന്ധമുണ്ടെന്നാണ് കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ. ബംഗ്ലാദേശിൽ നിന്നും നുഴഞ്ഞു കയറിയവർ, വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തെ, സർക്കാർ വിരുദ്ധ കലാപമായി ആളികത്തിക്കാൻ ശ്രമിച്ചു എന്നാണ് ഏജൻസികളുടെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
നുഴഞ്ഞു കയറ്റക്കാരുടെ ഈ നീക്കത്തെ കണ്ടെത്തുന്നതിലും തടയുന്നതിലും, മമത ബാനർജി സർക്കാർ പരാജയപ്പെട്ടെന്നും, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.ഭാൻഗർ സംഘർഷത്തിൽ എട്ടു പേരെ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തു.പ്രദേശത്ത് സ്ഥിതിഗതികൾ നിലവിൽ നിയന്ത്രണവിധേയമെങ്കിലും, സംഘർഷ സാഹചര്യം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.