യുക്രൈനിലെ സുമി നഗരത്തില്‍ റഷ്യ തൊടുത്തുവിട്ട 2 ബാലിസ്റ്റിക് മിസൈലുകള്‍ പതിച്ചു, 32 പേര്‍ കൊല്ലപ്പെട്ടു
യുക്രൈനിലെ സുമി നഗരത്തില്‍ റഷ്യ നടത്തിയ ബോംബാക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് യുക്രൈന്‍ നഗരഹൃദയത്തില്‍ പതിച്ചത്. ഇന്നലെ പ്രാദേശിക സമയം 10.15 ഓടെയായിരുന്നു സംഭവം. ഓശാന ഞായര്‍ ആചരിക്കാനായി കൂടിയ വിശ്വാസികളാണ് കൊല്ലപ്പെട്ടവരില്‍ അധികവും.
കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ സ്ത്രീകളെന്നാണ് വിവരം. 84 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ പത്ത് പേര്‍ കുട്ടികളാണ്. ഇരട്ട മിസൈല്‍ ആക്രമണത്തില്‍ ഡസന്‍ കണക്കിനാളുകള്‍ കൊല്ലപ്പെട്ടുവെന്നാണ് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ സെലന്‍സ്‌കി പ്രതികരിച്ചത്.
ഒരാഴ്ചക്കിടെ യുക്രൈനിലെ സിവിലിയന്‍സിനെ ലക്ഷ്യമിട്ട് നടന്ന രണ്ടാമത്തെ വലിയ ആക്രമണമാണിത്. ഏപ്രില്‍ നാലിന് സെലന്‍സ്‌കിയുടെ ജന്മനാടായ ക്രിവി റിഹില്‍ ആക്രമണത്തില്‍ 20 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. സമാധാന ചര്‍ച്ചകള്‍ക്കൊന്നും ബാലിസ്റ്റിക് മിസൈലുകളെയും വ്യോമാക്രമണങ്ങളെയും ചെറുക്കാന്‍ സാധിച്ചിട്ടില്ലെന്നും തീവ്രവാദികളോടെന്ന മട്ടില്‍ റഷ്യയോട് ലോകം പ്രതികരിക്കേണ്ടതുണ്ടെന്നും സെലന്‍സ്‌കി പ്രതികരിച്ചു.
യുക്രൈനിലെ തന്നെ കെര്‍സണില്‍ ഞായറാഴ്ച നടന്ന ആക്രമണത്തില്‍ 62 വയസുള്ള സ്ത്രീയും കൊല്ലപ്പെട്ടിരുന്നു. അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളിലേക്ക് ഉറ്റുനോക്കുകയാണ് ലോകരാഷ്ട്രങ്ങള്‍.