എസ്‌ഐക്ക് പേര് മാറിപ്പോയി; കള്ളന് പകരം പൊലീസ് തിരഞ്ഞത് മജിസ്‌ട്രേറ്റിനെ
മോഷണക്കേസ് പ്രതിയെ കണ്ടെത്താനുള്ള ഉത്തരവില്‍ എസ്‌ഐ എഴുതി ചേര്‍ത്തത് മജിസ്‌ട്രേറ്റിന്റെ പേര്! പ്രതിസ്ഥാനത്ത് തന്റെ പേര് കണ്ട മജിസ്‌ട്രേറ്റ് തന്നെ ഒടുവില്‍ എസ്‌ഐയെ തിരുത്തി. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം.
മോഷണക്കേസില്‍ പ്രതിയായ രാജ്കുമാറിനോട് കോടതിയില്‍ ഹാജരാകാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് നഗ്മ ഖാന്‍ നിര്‍ദേശിച്ചിരുന്നു. കോടതി നിര്‍ദേശം അറസ്റ്റ് വാറണ്ട് ആണെന്ന് തെറ്റിദ്ധരിച്ചാണ് എസ്‌ഐ ബന്‍വാരിലാല്‍ തുടര്‍നടപടികള്‍ സ്വീകരിച്ചത്. എന്നുമാത്രമല്ല, പ്രതിയുടെ പേരിന് പകരം മജിസ്‌ട്രേറ്റിന്റെ പേര് വാറണ്ടില്‍ എഴുതിപ്പിടിപ്പിക്കുകയും ചെയ്തു.
അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ പ്രതിയെ കണ്ടെത്താനായില്ലെന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴാണ് ബന്‍വാരിലാലിന്റെ അബദ്ധങ്ങള്‍ ഒന്നൊന്നായി ചുരുളഴിഞ്ഞത്. നിയമം നടപ്പിലാക്കേണ്ട ആള്‍ക്ക് നിയമത്തെക്കുറിച്ച് അടിസ്ഥാന വിവരം പോലും ഇല്ലാത്തത് പരിതാപകരമെന്ന് മജിസ്‌ട്രേറ്റ് നഗ്മ ഖാന്‍ പറഞ്ഞു. കോടതി എന്താണ് നിര്‍ദേശിച്ചതെന്നോ, ആര് ആരോടാണ് നിര്‍ദേശിച്ചതെന്നോ എസ്‌ഐക്ക് മനസിലായില്ല. കോടതി നിര്‍ദേശം വായിച്ചുനോക്കാന്‍ പോലും എസ് ഐ തയാറായില്ലെന്നും മജിസ്‌ട്രേറ്റ് വിമര്‍ശിച്ചു
ഇത്തരം ഗുരുതരമായ കൃത്യവിലോപം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ ശക്തമായ നടപടി വേണമെന്നാണ് നഗ്മ ഖാന്റെ നിലപാട്. വിഷയത്തില്‍ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ ഉത്തര്‍പ്രദേശ് പൊലീസ് മേധാവിക്ക് ഉള്‍പ്പെടെ നിര്‍ദേശം നല്‍കി.