Tuesday, April 22, 2025
Latest:
KeralaTop News

കഷ്ടതയുടെ കാലം മാറി സമൃദ്ധിയുടെ പുലരിയിക്കായുള്ള പ്രതീക്ഷ; മലയാളികൾ വിഷു ആഘോഷത്തിൽ

Spread the love

ലോകം മുഴുവനുമുള്ള മലയാളികൾ വിഷു ആഘോഷിക്കുന്നു. വിഷുക്കണിയും വിഷുക്കൈനീട്ടവും വിഷുസദ്യയുമായി വിളവെടുപ്പുത്സവം ആഘോഷമാക്കുന്നു. കാർഷിക കേരളത്തിലെ ഗൃഹാതുരമായ ഓർമകൾ ഉണർത്തുന്ന ദിവസം കൂടിയാണ് മേടമാസത്തിലെ വിഷു.

നിലവിളക്കിൻറെ വെളിച്ചത്തിൽ കൃഷ്ണവിഗ്രഹവും കണിക്കൊന്നയും വിളവെടുത്ത കണിവെള്ളരിയും കോടിമുണ്ടും പഴങ്ങളുമായി കണികണ്ടുണരുന്ന പ്രഭാതം. വിഷുവം എന്നാൽ തുല്യമായത് എന്നർത്ഥം .രാവും പകലും തുല്യമായി വരുമ്പോൾ വിഷു ആഘോഷം. കണി കണ്ടും കൈനീട്ടം കൊടുത്തും വാങ്ങിയും പുതുവസ്ത്രങ്ങൾ അണിഞ്ഞും ഒന്നിച്ചിരുന്ന സദ്യയുണ്ടും വിളവെടുപ്പുൽസവം ആഘോമാക്കുന്നു.

തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും, അലക്കിയ , മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ് വിഷുക്കണി ഒരുക്കുക.
കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്. കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും,പുതിയ കസവുമുണ്ടും അടുത്തുണ്ടാവണം എന്നാണ് വിശ്വാസം.

കണി കണ്ടതിനുശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങൾക്ക് വിഷുക്കൈനീട്ടം നൽകുന്നു. ആദ്യകാലങ്ങളിൽ സ്വർണ്ണം, വെള്ളി എന്നിവയിൽ ഉണ്ടാക്കിയ നാണയങ്ങളാണ് നൽകിയിരുന്നത്. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌ ആചരിക്കുന്നത് വിഷു സദ്യക്ക് മുൻപായി നിലം ഉഴുതുമറിച്ച് ചാലിടീൽ നടത്തുന്നു. സദ്യ കഴിഞ്ഞ് കൈക്കോട്ട് കഴുകി കുറി വരച്ച് വീടിൻറെ കിഴക്ക് പടിഞ്ഞാറ് ഭാഗത്ത് കൊത്തിക്കിളച്ച് കുഴിയെടുത്ത് നവധാന്യങ്ങൾ വിതക്കുന്നു.

വിഷുക്കരിക്കൽ, വിഷുവേല, വിഷുവെടുക്കൽ, പത്താമുദയം എന്നിവ വിഷുവിനോട് അനുബന്ധിച്ച് നടക്കുന്ന ആചാരങ്ങളാണ്. വിഷുവിനോടനുബന്ധിച്ച് മാറ്റച്ചന്തകളുമുണ്ട്. നാണയമില്ലാതെ കച്ചവടം നടത്തിയിരുന്ന പഴയകാലത്തിൻറെ ഓർമപുതുക്കലാണ് മാറ്റച്ചന്തകൾ. വിഷുവുമായി ബന്ധപ്പെട്ട് ഐതിഹ്യങ്ങളും പലതുണ്ട്. ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ച ദിവസമാണ് വിഷുമെന്നും രാവണന് മേൽ രാമൻ നേടിയ വിജയമാണ് വിഷുവെന്നും രാവണൻറെ കൊട്ടാരത്തിൽ വെയിൽ തട്ടിയത് ഇഷ്ടപ്പെടാതെ സൂര്യൻ നേരെ ഉദിക്കാൻ രാവണൻ സമ്മതിച്ചില്ലെന്നും രാവണനെ രാമൻ വധിച്ചശേഷമാണ് സൂര്യൻ നേരെ ഉദിച്ചതാണ് വിഷുവായി ആഘോഷിക്കുന്നതെന്നും മറ്റൊരു വിശ്വാസം ഉണ്ട്. ഏത് വേനലിലും നിറയെ പൂക്കുന്ന കണിക്കൊന്ന ഒരു പ്രതീക്ഷയാണ്. കഷ്ടതയുടെ കാലം മാറി സമൃദ്ധിയുടെ, ഐശ്വര്യത്തിൻറെ സമാധാനത്തിൻറെ പുലരിയിക്കായുള്ള പ്രതീക്ഷ.