Tuesday, April 22, 2025
Latest:
KeralaTop News

മാളയിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

Spread the love

തൃശ്ശൂർ മാളയിൽ മദ്യലഹരിയില്‍ കാർ അമിതവേഗത്തില്‍ ഓടിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. ചാലക്കുടി ഹൈവേ പൊലീസിലെ ഡ്രൈവറായ അനുരാജ് പി പിയെയാണ് സസ്‌പെൻഡ് ചെയ്തുകൊണ്ട് ഉത്തരവ് വന്നത്. തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാർ IPS ആണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയിട്ടുള്ളത്.

ഇന്നലെ രാത്രി മദ്യലഹരിയില്‍ അനുരാജ് കാറുമായി അമിതവേഗത്തില്‍ ഓടിച്ചുപോകുകയായിരുന്നു. ഇതിനിടെ കാര്‍ സ്‌കൂട്ടറിലും മറ്റൊരു കാറിലും ഇടിച്ചു. ഇതിന് ശേഷവും ഇയാള്‍ കാര്‍ നിര്‍ത്താന്‍ തയ്യാറായില്ല. പിന്നാലെ മേലടൂരിൽ വെച്ച് കാര്‍ പോസ്റ്റില്‍ ഇടിച്ച് തല കീഴായി മറിയുകയായിരുന്നു. ഇതോടെ നാട്ടുകാർ അനുരാജിനെ തടഞ്ഞുവെച്ച് മാള പൊലീസിൽ വിവരം അറിയിച്ചു.

സ്ഥലത്തെത്തിയ മാള പൊലീസ് അനുരാജിനെ കസ്റ്റഡിയില്‍ എടുത്തു. ഇയാളുടെ കാറില്‍ നിന്ന് മദ്യക്കുപ്പികളും കണ്ടെത്തു. അനുരാജിനെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് നടത്തിയ വൈദ്യ പരിശോധനയിൽ മദ്യപിച്ചിരുന്നതായി കണ്ടെത്തി. ഇതോടെ മാള പൊലീസ് അനുരാജിനെതിരെ മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയതിന് കേസെടുത്തു അപകടത്തിൽ സ്‌കൂട്ടര്‍ യാത്രികന് പരുക്കേറ്റിരുന്നു.