ഡൽഹിയുടെ വിജയ കുതിപ്പിന് കടിഞ്ഞാണിട്ട് മുംബൈ; 12 റൺസിന്റെ ത്രസിപ്പിക്കും ജയം
ഐപിഎല്ലിൽ ഡൽഹിയുടെ വിജയ കുതിപ്പിന് കടിഞ്ഞാണിട്ട് മുംബൈ ഇന്ത്യൻസ്. മുംബൈക്ക് 12 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം. 206 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 193 റൺസിന് ഓൾഔട്ടായി. ഡൽഹി ക്യാപിറ്റൽസിന്റെ ആദ്യ പരാജയമാണിത്. പത്തൊമ്പതാം ഓവറിലെ മൂന്ന് റണ്ണൗട്ടുകൾ ആണ് മത്സരം മാറ്റിമറിച്ചത്. സീസണിലെ മുംബൈയുടെ രണ്ടാം ജയമാണിത്.
അവസാന നിമിഷം വരെ പോരാടിയ ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍ കരുണ്‍ നായരാണ്. 40 പന്തില്‍ 89 റണ്‍സെടുത്താണ് താരം ക്രീസ് വിട്ടത്. 5 സിക്‌സറുകളും 12 ഫോറുകളും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. കരുണ്‍ നായരെ കൂടാതെ അഭിഷേക് പോരെല്‍ മാത്രമാണ് ഡല്‍ഹി ടീമില്‍ തിളങ്ങനായാത്. 35 പന്തില്‍ നിന്ന് 33 റണ്‍സെടുത്താണ് താരം മടങ്ങിയത്. മുംബൈക്കായി കരണ്‍ ശര്‍മ 3 വിക്കറ്റും മിച്ചല്‍ സാന്റ്‌നര്‍ രണ്ട് വിക്കറ്റും ദീപക് ചഹാറും ബുമ്രയും ഓരോ വിക്കറ്റ് വീതവും നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ തിലക് വർമയുടെ അർധ സെഞ്ചുറിയുടെ മികവിലാണ് മികച്ച സ്കോറിലെത്തിയത്. 33 പന്തില്‍ 59 റണ്‍സെടുത്ത തിലക് വര്‍മയാണ് മുംബൈ നിരയിലെ ടോപ് സ്‌കോറര്‍. സൂര്യകുമാര്‍ യാദവ് (40), റിയാന്‍ റിക്കിള്‍ട്ടണ്‍ (41) എന്നിവരും നിര്‍ണായക പ്രകടനം പുറത്തെടുത്തു. മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (18) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. ഡല്‍ഹിക്കായി കുല്‍ദീപ് യാദവ്, വിപ്രജ് നിഗം എന്നിവര്‍ രണ്ടുവീതം വിക്കറ്റുകള്‍.