അനധികൃത സ്വത്ത് സമ്പാദനം; സിബിഐ അന്വേഷണത്തെ നേരിടും, സ്വയം രാജി വെക്കില്ല; കെ.എം എബ്രഹാം
കിഫ്‌ബി സി.ഇ.ഒ സ്ഥാനത്ത് നിന്ന് സ്വയം രാജിവെക്കില്ല. പദവിയിൽ തുടരണോ എന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാം. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട നടപടിയെ സധൈര്യം നേരിടുമെന്നും കെ.എം എബ്രഹാം പറഞ്ഞു. കിഫ്‌ബി ജീവനക്കാർക്കുള്ള വിഷു ദിന സന്ദേശത്തിലായിരുന്നു കൃത്യമായ നിലപാട് വ്യക്തമാക്കൽ.
ഹര്‍ജിക്കാരനെതിരെയും കടുത്ത ആരോപണമാണ് കെഎം എബ്രഹാം ഉന്നയിച്ചത്. ഹര്‍ജിക്കാരന് തന്നോട് ശത്രുതയാണെന്നും ഹര്‍ജിക്കാരൻ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും ധന സെക്രട്ടറി ആയിരിക്കെ ഹർജിക്കാരൻ PWD റസ്റ്റ് ഹൗസ് ദുരുപയോഗം ചെയ്തത് കണ്ടെത്തിയെന്നും കെ എം എബ്രഹാം സന്ദേശത്തിൽ കൂട്ടിച്ചേർത്തു. അന്നത്തെ സംഭവത്തിൽ ഹർജിക്കാരനെതിരെ പിഴ ചുമത്തിയതാണ് തന്നോടുള്ള വൈരാഗ്യത്തിന് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മുൻ വിജിലൻസ് മേധാവിയായ ജേക്കബ് തോമസിനെതിരെയും സന്ദേശത്തിൽ ആരോപണം ഉണ്ട്. ഹർജിക്കാരനൊപ്പം ജേക്കബ് തോമസും കൂടിച്ചേർന്ന് നടത്തിയ കോടികണക്കിന് രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്നും ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഇപ്പോഴുണ്ടായിട്ടുള്ള പരാതിയെന്നും കെ.എം എബ്രഹാം സന്ദേശത്തിൽ പറഞ്ഞു.