കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക്; ഇന്ന് മുതല്‍ എസ്റ്റേറ്റില്‍ പ്രതിഷേധിക്കാന്‍ തീരുമാനം
മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസത്തിനായി ഏറ്റെടുക്കുന്ന കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഇന്ന് മുതല്‍ എസ്റ്റേറ്റില്‍ പ്രതിഷേധിക്കുവാന്‍ ആണ് തീരുമാനം. തൊഴിലാളികള്‍ക്ക് അര്‍ഹമായ ആനുകൂല്യം അനുവദിക്കാത്തതിലാണ് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധിക്കുന്നത്. ആനുകൂല്യ ഇനത്തില്‍ 11 കോടിക്ക് മുകളില്‍ മാനേജ്‌മെന്റ് തൊഴിലാളികള്‍ക്ക് നല്‍കാനുണ്ട് തൊഴിലാളി സംഘടനകള്‍ പറയുന്നത്. ടൗണ്‍ഷിപ്പ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ തടസ്സപ്പെടുത്തി ആകില്ല പ്രതിഷേധം എന്നും സംഘടനകള്‍ വ്യക്തമാക്കുന്നു.
എല്‍സ്റ്റണ്‍ എസ്‌റ്റേറ്റിനകത്ത് ഒരു പ്രതിഷേധ പരിപാടി സംഘടിപ്പിക്കുക എന്ന നിലയിലേക്കാണ് സംഘടന നീങ്ങുന്നത്. തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ സംബന്ധിച്ചൊരു വ്യക്തത ഇതുവരെ ഉണ്ടായിട്ടില്ല. പ്രൊവിഡന്റ് ഫണ്ടും ഗ്രാറ്റിവിറ്റിയും ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാകാനുണ്ട്. ഈ വിഷയം ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഷേധത്തിലേക്ക് കടക്കുന്നത്. ഇന്നലെ ഐഎന്‍ടിയുസിയുടെ ഭാഗത്തു നിന്ന് ഒരു പ്രതിഷേധം ഉയരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.
എന്നാല്‍ പുനരധിവാസ നടപടികള്‍ തടസപ്പെടുത്തുന്ന സമരത്തിലേക്ക് പോകാന്‍ സംയുക്ത ട്രേഡ് യൂണിയന്‍ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കുന്നുണ്ട്. ഇന്നലെ വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിനിധിതല ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ വിഷുവിന് ശേഷമായിരിക്കും ഇതുമായി ബന്ധപ്പെട്ട ആലോചനകളിലേക്ക് കടക്കുക എന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ഇതേതുടര്‍ന്നാണ് പ്രതിഷേധത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചത്. തൊഴിലാളികളുടെ ആനുകൂല്യം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്താന്‍ സര്‍ക്കാര്‍ തയാറാകണം, മാനേജ്‌മെന്റ് 13 വര്‍ഷമായി ഇത്തരത്തില്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയിട്ടില്ല. ഇതിന്റെ പശ്ചാത്തിലാണ് സമരം.