SportsTop News

കിംഗ് – സാൾട്ട് കരുത്തിൽ ബെംഗളൂരുവിന് നാലാം ജയം; തരിപ്പണമായി രാജസ്ഥാൻ

Spread the love

രാജസ്ഥാൻ റോയല്‍സിന് ആധികാരികമായി കീഴടക്കി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. രാജസ്ഥാൻ ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം ഒൻപത് വിക്കറ്റ് ശേഷിക്കെയാണ് ബെംഗളൂരു മറികടന്നത്. സീസണിലെ നാലാം ജയമാണ് ആർസിബി സ്വന്തമാക്കിയത്. കോലിയേയും സാള്‍ട്ടിനേയും പലകുറി രാജസ്ഥാൻ ഫീല്‍‍ഡര്‍മാര്‍ കൈവിട്ടു. എന്നാല്‍, കിട്ടിയ അവസരം ഇരുവരും മുതലാക്കി.

അര്‍ദ്ധ സെഞ്ച്വറി നേടിയ ഫില്‍ സാള്‍ട്ടും (65) വിരാട് കോലിയുമാണ് (62) ബെംഗളൂരുവിന്റെ ജയം അനായാസമാക്കിയത്. ദേവദത്ത് പടിക്കല്‍ (40) ഇരുവ‍ര്‍ക്കും മികച്ച പിന്തുണ നല്‍കി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 173 റണ്‍സെടുത്തത്. അര്‍ദ്ധ സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാളാണ് (75) രാജസ്ഥാന്റെ ടോപ് സ്കോറര്‍.

39 പന്തില്‍ കോലി സീസണിലെ തന്റെ മൂന്നാം അര്‍ദ്ധ സെഞ്ച്വറി തികച്ചു. 92 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ കോലി സാള്‍ട്ട് സഖ്യം നേടിയത്. രണ്ടാം വിക്കറ്റില്‍ വേര്‍പിരിയാത്ത കോലി-പടിക്കല്‍ സഖ്യം ബെംഗളൂരുവിനെ വിജയത്തിലെത്തിക്കുകയായിരുന്നു.