വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പിലേക്ക് എത്തിച്ചതിന് ക്ഷമ ചോദിക്കുന്നു’; പിവി അൻവർ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനിടെ ക്ഷമാപണവുമായി മുൻ എംഎൽഎ പിവി അൻവർ. വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പിലേക്ക് എത്തിച്ചതിന് ക്ഷമ ചോദിക്കുന്നുവെന്ന് പിവി അൻവർ പറഞ്ഞു. രാജി രാഷ്ട്രീയ തീരുമാനമായിരുന്നുവെന്ന് അൻവർ വ്യക്തമാക്കി. നിലമ്പൂരിൽ മുസ്ലിം ലീഗ് മണ്ഡലം കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അൻവർ.
യുഡിഎഫ് മുന്നണി പ്രവേശന ചർച്ചകൾക്കിടയാണ് ലീഗ് വേദിയിൽ പി.വി അൻവർ എത്തിയത്. എൽഡിഎഫ് സർക്കാറിന്റെ പതനത്തിന്റെ തുടക്കമാകും നിലമ്പൂർ തിരഞ്ഞെടുപ്പെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. നിലമ്പൂരിൽ മാറ്റം അനിവാര്യമെന്ന് സാദിഖലി ശിഹാബ് തങ്ങൾ. ഭരണത്തിന്റെ അഭാവമാണ് കേരളത്തിൽ കാണുന്നതെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
നിലമ്പൂർ തിരഞ്ഞെടുപ്പിന് മുസ്ലിം ലീഗ് ഒരുങ്ങി കഴിഞ്ഞതായി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അൻവറിന് വരെ നിൽക്കാൻ കഴിയില്ലെങ്കിൽ എൽഡിഎഫിൽ ഇനിയും എംഎൽഎമാരുടെ എണ്ണം കുറയുമെന്നും അദേഹം പറഞ്ഞു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാർഥിയെ കോൺഗ്രസ് പ്രഖ്യാപിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സ്ഥാനാർഥിക്ക് ലീഗ് പിന്തുണ പ്രഖ്യാപിക്കുമെന്നും നിലമ്പൂരിൽ വിജയിക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.